തിരുവനന്തപുരം: ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനിൽ അധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. വയനാട് കളക്ടറേറ്റിലെ എ. പി. ജെ ഹാളിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്ന കർമ്മ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്.
ജില്ലയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഉടനുണ്ടാകും. നിലവിൽ വയനാട് മെഡിക്കൽ കോളേജിനായി കണ്ടെത്തിയ സ്ഥലം സംരക്ഷിത വനഭൂമിയായതിനാൽ യോജ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടിയിൽ മറ്റൊരു സ്ഥലം ലഭ്യമാക്കാനുള്ള സാധ്യതകൾ തേടുകയാണ്. ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുത്ത് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയില്ലെങ്കിൽ അടുത്ത വർഷം കോളേജിന് അംഗീകാരം നഷ്ടമാവുന്ന സ്ഥിതിയുണ്ടാവും. ഇത് തടയാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കും.
വൈത്തിരി ആശുപത്രിയെ ജില്ലാ മാതൃകാ ആശുപത്രിയാക്കി ഉയർത്തും. ഇവിടെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന് ഉടൻ തറക്കല്ലിടും.
ജില്ലയിലെ സർക്കാർ മേഖലയിലുള്ള എം.ആർ.ഐ സ്‌കാനിംഗ് അപര്യാപ്തത പരിഹരിക്കാൻ ഒരു പ്രധാന ആശുപത്രിയിൽ എം.ആർ.ഐ സ്‌കാനിംഗ് ഉടൻ സജ്ജമാക്കും. ജില്ലയിലെ എല്ലാ ആശുപത്രികളിലും മതിയായ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ നിയോഗിക്കും.
മുടങ്ങിക്കിടക്കുന്ന ഫണ്ടുകൾ ലഭ്യമാക്കുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ നടപടിയുണ്ടാകും. ജില്ലാ മെഡിക്കൽ ഓഫിസിന് (ആരോഗ്യം) സ്വന്തമായി കെട്ടിടമില്ലാത്ത സാഹചര്യത്തിൽ ഓഫീസ് കെട്ടിടം നിർമ്മിക്കും. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തും. മനുഷ്യ – വന്യജീവി സംഘർഷം നിലനിൽക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് സ്ഥാപിക്കും. ജില്ലയ്ക്ക് ഒരു സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രി ഉടനുണ്ടാകും. വയനാട് ക്യാൻസർ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിശദമായ പഠനം നടത്തും. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കമ്പളക്കാട് സ്വദേശി അനീഷിന്റെ കുടുംബത്തിന് ആരോഗ്യകിരണം പദ്ധതിവഴി ചികിത്സാ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
