മിയാമി: ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലേക്ക് കടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, നിറംകെടുത്തി അമേരിക്കയുടെ കര്‍ശനമായ ഇമിഗ്രേഷന്‍ നയങ്ങള്‍. ആഫ്രിക്കയിലെ ഏറ്റവും മികച്ച റഫറിയായ സൊമാലിയക്കാരന് ഒമര്‍ അബ്ദുള്‍ ഖാദിര്‍ അര്‍താനെയെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ തടയുകയും, തുടര്‍ന്ന് ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുകയും ചെയ്തു. യോഗ്യമായ പാസ്പോര്ട്ടില് യാത്ര ചെയ്തിട്ടും അര്‍താനെ രാജ്യത്ത് പ്രവേശിക്കാന്‍ യുഎസ് ബോര്‍ഡര്‍ കണ്ട്രോള് അനുവദിച്ചില്ല എന്നത് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
വിസ ലഭിക്കാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് നെയ്റോബിയിലെ സൊമാലിയന്‍ എംബസി ഇടപെട്ടാണ് അദ്ദേഹത്തിന് വിസ ഉറപ്പാക്കിയിരുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി യുഎസ് നിലനിര്‍ത്തുന്ന രാഷ്ട്രീയ അസ്വാരസ്യങ്ങളും യാത്രാവിലക്കുകളുമാണ് ഈ നടപടിക്ക് പിന്നിലെന്നാണ് സൂചന. ഇതോടെ, ഇത്രയും കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങളുള്ള ഒരു രാജ്യം ലോകകപ്പ് പോലുള്ള ആഗോള കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ അനുയോജ്യമാണോ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു.
