ഭിന്നശേഷി തടവുകാരുടെ അവകാശങ്ങൾ: വിദേശമാതൃകകൂടി പരിഗണിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: ഭിന്നശേഷിക്കാരായ തടവുകാർക്ക് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശരാജ്യ മാതൃകകൾ പിന്തുണമെന്നാണ് നിർദേശം നൽകി. ഭിന്നശേഷിക്കാരായ തടവുകാരുടെ അവകാശങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കാൻ ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിക്ക് മുൻപാകെയാണ് ഹർജിക്കാരുടെ ഭാഗത്തുനിന്ന് നിർദേശങ്ങളെത്തിയത്.

യു.കെ.യിലെ ജയിലുകളിൽ ഭിന്നശേഷിക്കാരുടെ ക്ഷേമം നടപ്പാക്കുന്നത് സർക്കാരിതര സംഘടനകൾ സ്വതന്ത്രമായി വിലയിരുത്താറുണ്ടെന്ന് സുപ്രീംകോടതിയിലെ ഹർജിക്കാരനായ സത്യൻ നരവൂരിനുവേണ്ടി അഡ്വ. കാളീശ്വരം രാജ് സമർപ്പിച്ച നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടി. യു.എസിൽ പരിശീലനം കിട്ടിയ സഹതടവുകാരുടെ സഹായം ഭിന്നശേഷിക്കാർക്ക് ലഭിക്കും. ഇത് മറ്റുള്ളവരിൽനിന്നുള്ള ചൂഷണത്തിൽനിന്ന് അവർക്ക് സംരക്ഷണമേകും. കാനഡയിലെ കറക്‌ഷണൽ സർവീസുകളിൽ കസ്റ്റഡിയിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ അവരുമായി തന്നെ ചർച്ചചെയ്താണ് പരിഹാരം നടപ്പാക്കുന്നത്. അവരുടെ ആശങ്കകൾ പരാതിപരിഹാര സംവിധാനത്തിലേക്ക് അയക്കുകയും ചെയ്യും. കാനഡയിൽ ബുദ്ധിപരമായ പരിമിതികൾ നേരിടുന്ന തടവുകാർക്കായി പ്രത്യേക പദ്ധതികളുമുണ്ട്.

നോർവേയിൽ ഭിന്നശേഷി തടവുകാരുടെ ജീവിതപദ്ധതികൾ തയ്യാറാക്കാൻ കോൺടാക്ട്‌ ഓഫീസർമാരെ നിയമിക്കുന്നുണ്ട്. വിദേശത്തെ ഇത്തരം നല്ലമാതൃകകൾ ഇന്ത്യൻ സാഹചര്യത്തിന് യോജിച്ചരീതിയിൽ ഇവിടെയും നടപ്പാക്കണമെന്നും ഉന്നതാധികാര നിർദേശം വെച്ചു. ഫെബ്രുവരി 26-ന് ആയിരുന്നു ഭിന്നശേഷിക്കാരായ തടവുകാരുടെ വിഷയം കൂടുതൽ ഉചിതമായും കാര്യക്ഷമമായും സമഗ്രമായും പരിശോധിക്കുന്നതിനു ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *