തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട സിപിഐക്കെതിരേ ഘടകക്ഷികളെ ഉപയോഗിച്ച് മോശം കളിക്ക് സിപിഎം ഇറങ്ങിയെന്ന ഗുരുതര ആരോപണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്കെതിരേയുള്ള കാര്യങ്ങൾ മുന്നണി ഘടകകക്ഷികളോട് ഒറ്റക്കൊറ്റയ്ക്ക് സിപിഎം നേതാക്കൾ പറഞ്ഞു. അവരിൽ നിന്ന് തന്നെയാണ് വിവരം അറിഞ്ഞത്. ഉടനെ സിപിഎം നേതാക്കളെ വിളിച്ച് മറുപടി നൽകിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
നിങ്ങൾക്കുള്ളതിനെക്കാൾ വ്യക്തിബന്ധം തങ്ങൾക്കുണ്ടെന്നും ഘടകക്ഷികളെ എതിരാക്കാൻ നോക്കുന്നത് നല്ല രാഷ്ട്രീയമല്ലെന്നുമാണ് സിപിഎം നേതാക്കളോട് പറഞ്ഞതെന്നും ബിനോയ് വിശ്വം വെളിപ്പെടുത്തി. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽനിന്ന് ഒരു രീതിയിലും പിന്നോട്ടുപോകില്ല. നിയമസഭയിൽ പാർലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ എൽഡിഎഫിന്റെതായി ഉണ്ടാകില്ല. അതുണ്ടാകണമെങ്കിൽ സിപിഐയുടെ ആവശ്യം പരിഗണിക്കേണ്ടിവരും.
ഇടതുമുന്നണി യോഗത്തിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടാണ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടതും അതിൽ പങ്കെടുത്തതെന്നും- ബിനോയ് വിശ്വം വിശദീകരിച്ചു. ചർച്ചയിൽ പങ്കെടുത്തവരെല്ലാം ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചവേണ്ടെന്ന നിലപാടാണ് മുന്നോട്ടുവെച്ചത്. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അത് വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.



