ഡൽഹി : ജീവിതശൈലിയുമായി ബന്ധപ്പെട്ട അർബുദങ്ങൾ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അത്തരത്തിൽ ജീവിതശൈലിയും ആഹാരരീതിയും മൂലം രോഗസാധ്യത വർധിക്കുന്ന അർബുദങ്ങളിലൊന്നാണ് കോളറെക്റ്റൽ കാൻസർ. റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ അമിതമായി കഴിക്കുന്നത്, നാരുകൾ കുറഞ്ഞ ഭക്ഷണരീതി, വ്യായാമക്കുറവ്, അമിതവണ്ണം, മദ്യപാനം, പുകവലി തുടങ്ങിയവയൊക്കെ കോളറെക്റ്റൽ കാൻസർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ കോളറെക്റ്റൽ കാൻസർ സാധ്യത കുറയ്ക്കുന്ന ആഹാരരീതികളേക്കുറിച്ചു പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൗരഭ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. കോളറെക്റ്റൽ കാൻസറിനെ പ്രതിരോധിക്കാൻ തന്റെ ആഹാരരീതിയിൽ ഉൾപ്പെടുത്തുന്ന ഭക്ഷണങ്ങളേക്കുറിച്ചാണ് ഡോക്ടർ പറയുന്നത്. അതിൽ ആദ്യത്തേതായി അദ്ദേഹം പറയുന്നത് തൈരിന്റെ ഉപയോഗമാണ്. കാൽസ്യം ധാരാളമായുള്ള തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ കോളറെക്റ്റൽ കാൻസർ സാധ്യത കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ ഉൾപ്പെടെ തെളിയിച്ചിട്ടുണ്ടെന്ന് ഡോ.സൗരഭ് പറയുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകളും ആരോഗ്യത്തിനു ഗുണംചെയ്യും.



