വാഷിങ്ടൺ: ഇറാനിലെ അമേരിക്കയുടെ ആക്രമണവും ജോർഡനിൽ ഇറാന്റെ തിരിച്ചടിയും പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ ഭീതി ശക്തമാക്കുന്നു. ഇതോടൊപ്പം ഹോർമുസ് കടലിടുക്ക് തുറക്കൽ അടക്കമുള്ളവ ലക്ഷ്യമിട്ട് നടക്കുന്ന മധ്യസ്ഥ നീക്കങ്ങൾക്കും തിരിച്ചടിയാണ് ആക്രമണം. ഒരു മാസത്തോളമായി കാര്യമായി ആക്രമണങ്ങളൊന്നും മേഖലയിൽ നടന്നിരുന്നില്ല. അറബ് രാജ്യങ്ങൾ അടക്കമുള്ളവയുടെ നേതൃത്വത്തിൽ സംഘർഷം ഒഴിവാക്കാനും ഹോർമുസ് തുറക്കാനുമായി നടത്തിയ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ കൂടിയാണ് ഇറാനിൽ വീണ്ടും അമേരിക്ക ആക്രമണം നടത്തിയത്. ഇറാനെതിരെ 2026 ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിന് ആറ് മാസം തികഞ്ഞ സമയത്താണ് ഇറാനിലെ ലാറക് ദ്വീപിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇറാൻ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ജോർഡനിലെ അമേരിക്കൻ താവളങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ഇറാൻ തിരിച്ചടിച്ചത്.



