തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയുടെ മകൾ വീണ ടി, വിദേശത്ത് പണം അയച്ചതിൽ ഫെമ ചട്ടലംഘനത്തിലേക്കും അന്വേഷണം. ദുബൈയിലേക്ക് 85ലക്ഷം അയച്ചതിൽ ഫെമ ലംഘനമുണ്ടായോ എന്നാണ് ഇഡി അന്വേഷണം നടത്തുന്നത്. വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകൾക്ക് വേണ്ടിയോ എന്ന സംശയവും ഉയരുന്നുണ്ട്. വീണയുടെ ഡയറിയിൽ രേഖപ്പെടുത്തിയത് 85ലക്ഷം ദുബൈയിലേക്ക് അയച്ചെന്നാണ്. പണം എങ്ങനെ അയച്ചു, ആർക്ക് അയച്ചുവെന്നാണ് അന്വേഷണം. സിഎംആർഎൽ കമ്പനിയിൽ നിന്ന് നൽകാത്ത സേവനങ്ങൾക്ക് പണം പറ്റിയെന്ന അന്വേഷണത്തിൽ കോഴിക്കോട് ചൊവ്വാഴ്ച ഒമ്പത് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡി വാർത്താക്കുറിപ്പ് ഇറക്കിയത്. മേയ് 27ന് വീണയിൽ നിന്നു പിടിച്ചെടുത്ത രേഖകളിലാണ് വീണ കൈപ്പടയിലെഴുതിയ കണക്കുകളുള്ളത്. പണം കൈകാര്യം ചെയ്തവരുടെയും ചെലവഴിച്ചവരുടെയും കൈമാറിയവരുടെയും പേരുകളും ദുബായിലേക്ക് അയച്ചതിന്റെ വിവരങ്ങളും ഇതിലുണ്ട്. യുഎഇ, ഇന്ത്യൻ കറൻസികളിലാണ് കണക്കുകൾ.



