ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിലെ ഗുളിക കവറുകളിൽ ഹിന്ദി ഉപയോഗിച്ചത് വീണ്ടും വിവാദത്തിൽ. കോയമ്പത്തൂരും കരൂരിലുമാണ് തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വിവരങ്ങളുള്ള മരുന്ന് കവറുകൾ കണ്ടെത്തിയത്. സംഭവത്തിൽ ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ സർക്കാർ ഇടപെട്ടു.
ഹിന്ദി ഉൾപ്പെടുത്തിയ ഗുളിക കവറുകളുടെ ഉപയോഗം ഉടൻ നിർത്തിവെച്ചതായി ആരോഗ്യമന്ത്രി കെ.ജി. അരുൺരാജ് അറിയിച്ചു. ഇനി തമിഴ് ഭാഷയിൽ മാത്രം വിവരങ്ങൾ രേഖപ്പെടുത്തിയ കവറുകൾ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, നിലവിൽ ഉപയോഗിച്ച കവറുകൾ മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് അച്ചടിച്ചതാണെന്നും നിലവിലെ സർക്കാർ അതിന്റെ രൂപകൽപ്പനയിലോ ഭാഷയിലോ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. നേരത്തെ ഹൈവേ സൈൻബോർഡിൽ ഹിന്ദി ഉൾപ്പെടുത്തിയതും തമിഴ്നാട്ടിൽ വിവാദമായിരുന്നു. ഭാഷാ നയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ ചർച്ചകൾ ശക്തമാകുകയാണ്.



