തിരുവനന്തപുരം: വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അമ്പയർമാരുടെ മികച്ച നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കെ.എൻ. അനന്തപത്മനാഭൻ, ടോണി ഇമ്മട്ടി എന്നിവരടങ്ങുന്ന 15 അംഗ പാനലാണ് ഇത്തവണ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാനെത്തുന്നത്. കൃത്യമായ തീരുമാനങ്ങൾ ഉറപ്പുവരുത്തുക വഴി മത്സരങ്ങളും ടൂർണമെന്റും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ മികച്ചൊരു പാനലിനെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.
പാനലിലെ 15 പേരിൽ 10 പേർ ബി.സി.സി.ഐ പാനലിൽ നിന്നുള്ളവരും 5 പേർ സംസ്ഥാന പാനലിൽ നിന്നുള്ളവരുമാണ്. ഓരോ മത്സരത്തിനും നാല് അമ്പയർമാർ വീതമാണുള്ളത്. ഗ്രൗണ്ടിൽ ഓൺഫീൽഡ് അമ്പയറിംഗിന്റെ ചുമതല വഹിക്കുന്ന രണ്ട് അമ്പയർമാർ ബി.സി.സി.ഐ പാനലിലുള്ളവരായിരിക്കും. റിവ്യൂകൾ കൃത്യമായി പരിശോധിച്ച് തീരുമാനമെടുക്കുകയാണ് തേർഡ് അമ്പയറുടെ ചുമതല. ഇതിന് പുറമെ ഫോർത്ത് അമ്പയർ അഥവാ റിസർവ് അമ്പയർ കൂടി ഓരോ മത്സരത്തിലുമുണ്ടാകും. പന്തുകൾ സൂക്ഷിക്കുക, ഡഗ് ഔട്ടിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുക തുടങ്ങി ഗ്രൗണ്ടിന്റെ പുറത്ത് അമ്പയർമാരുടെ ചുമതല നിർവ്വഹിക്കുന്നത് ഇവരാണ്. ഓൺഫീൽഡ് അമ്പയർമാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ പകരം ചുമതല നിർവ്വഹിക്കേണ്ടതും ഇവർ തന്നെ.



