കൊല്ലം: ബിഗ് ബോസ് താരവും നടിയുമായ രേണു സുധിയുടെ മകൻ ഋതുലിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊല്ലം സുധിയുടെ മൂത്ത മകൻ രാഹുൽ രാജ് എന്ന കിച്ചു പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. രേണു സുധിയും കിച്ചുവും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തിൽ കൂടിയാണ് പോസ്റ്റിലെ വാചകങ്ങൾ ശ്രദ്ധേയമാകുന്നത്. ഇപ്പോൾ റിഥപ്പന് കാര്യങ്ങളൊന്നും മനസ്സിലാകില്ലെങ്കിലും ഒരുനാൾ അതൊക്കെ മനസ്സിലാകുമെന്ന് കിച്ചു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എന്തൊക്കെ സംഭവിച്ചാലും അനിയനൊപ്പം താൻ എക്കാലവും ഉണ്ടാകും എന്നും കിച്ചു കുറിക്കുന്നു. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട അനിയാ. ഇപ്പോൾ എനിക്ക് നിന്റെ അടുത്തേക്ക് വരാൻ പറ്റിയ ഒരു സാഹചര്യം ഇല്ല. പക്ഷേ ഒരു കാര്യം മാത്രം പറയാം, എന്തൊക്കെ സംഭവിച്ചാലും നിനക്കൊപ്പം ഞാൻ എപ്പോഴും ഉണ്ടാകും. ഇപ്പോൾ ഞാൻ അനുഭവിക്കുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ ചിലപ്പോൾ നിനക്ക് മനസ്സിലാകുന്നുണ്ടാകില്ല. പക്ഷേ ഒരുദിവസം നിനക്ക് എല്ലാം മനസ്സിലാകും. അതുവരേയ്ക്കും ഒരു കാര്യം മാത്രം മനസ്സിലാക്കുക, നീ എനിക്ക് അത്രയേറെ വലുതാണ്. നമ്മൾ എത്ര അകലെ ആണെന്നതോ നമുക്ക് ഇടയിൽ എന്ത് സംഭവിക്കുന്നു എന്നതോ വിഷയമല്ല. എന്റെ ഹൃദയത്തിൽ നിനക്ക് എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടാകും. പിറന്നാൾ ആശംസകൾ റിഥപ്പാ എന്നാണ് കിച്ചു സുധി കുറിച്ചിരിക്കുന്നത്. റിഥപ്പന് ഒപ്പമുളള ഫോട്ടോയും കിച്ചു പോസ്റ്റ് ചെയ്തിട്ടുണ്ട്.


