കണ്ണൂർ: കണ്ണൂർ-വയനാട് പാതയിലെ പാൽചുരത്തിൽ മണ്ണിടിച്ചിൽ. മണ്ണിടിഞ്ഞു വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കാർ യാത്രക്കാർ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. പാൽചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. വയനാട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ 50 മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് മണ്ണ് പൂർണമായും റോഡിലേക്ക് ഇടിഞ്ഞുവീണത്. റോഡിലേക്ക് മണ്ണും പാറകഷ്ണങ്ങളും വീണുകിടക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല.
അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കർണാടക വനത്തിൽ ഉരുൾപൊട്ടിയതായാണ് സംശയം. ശക്തമായ മഴയെ തുടർന്ന് കാര്യങ്കോട് പുഴ കരകവിഞ്ഞു. കണ്ണൂർ കുപ്പം CH നഗറിൽ വീണ്ടും വെള്ളം കയറി.ദേശീയപാതാ നിർമ്മാണ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിൽ നാട്ടുകാർ വലഞ്ഞു. രാവിലെ നബിദിന പരിപാടിക്ക് പോയ കുട്ടികളും വെള്ളക്കെട്ടിൽ പെട്ടു.



