ന്യൂഡൽഹി: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഇന്റലിജന്‍സ് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍ സമഗ്ര പരിഷ്‌കരണത്തിന് നിര്‍ദേശം. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി. ഇനി മുതല്‍ ഓരോ പ്രതിഷേധത്തിന് മുന്നോടിയായും 10 നിര്‍ണായക വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണമെന്നാണ് നിര്‍ദേശം. ജൂലൈ 20ന് നടന്ന പ്രതിഷേധത്തില്‍ 50,000ത്തോളം വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത് പൊലീസ് മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് വിമര്‍ശനം. പാര്‍ലമെന്റ് മാര്‍ച്ച് തടയുന്നതില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് ആഭ്യന്തര വിലയിരുത്തല്‍.
ജെന്‍സി പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞ ദിവസം കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുതെന്നാണ് പ്രധാന നിര്‍ദേശം നൽകിയത്. ഡല്‍ഹി വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഡല്‍ഹി പൊലീസ് സ്വീകരിച്ച നടപടികള്‍ രാജ്യവ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് ശേഷമാണ് പൊലീസിന് കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്.


