കൊച്ചി: കൊച്ചിയിലെ നിരത്തിലെ തിരക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സാധിക്കുന്ന കൊച്ചി വാട്ടർ മെട്രോ യാത്രക്കാർ ഏറ്റെടുത്തതോടെ ദീർഘനാളായി ഉയരുന്ന ആവശ്യമായിരുന്നു ഐടി കേന്ദ്രമായ ഇൻഫോപാർക്കിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിപ്പിക്കണം എന്നത്. ഏറെനാളത്തെ ആവശ്യത്തിന് ശേഷം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാട്ടർ മെട്രോ സേവനം ഇൻഫോപാർക്കിലേക്ക് നേരിട്ട് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഇൻഫോപാർക്കിലേക്ക് യാത്ര ചെയ്യുന്ന ജീവനക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ സൗകര്യപ്രദമാകുന്ന കൊച്ചി വാട്ടർ മെട്രോ പദ്ധതി വൈകാതെ ഇൻഫോപാർക്കുമായി ബന്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. നിർദിഷ്ട ഇൻഫോപാർക്ക് ടെർമിനലിനായി സമഗ്രമായ ടോപ്പോഗ്രാഫിക്, വാട്ടർഫ്രണ്ട് സൗണ്ടിങ് സർവേകൾ നടത്താനും കിൻഫ്രയിൽ ബോട്ട് യാർഡ് നിർമിക്കാനും തീരുമാനിച്ചതായി കെഎംആർഎല്ലിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇൻഫോപാർക്ക് ടെർമിനൽ 0.5 ഏക്കറിൽ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും കെഎംആർഎല്ലിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറിലാണ് ബോട്ട് യാർഡ് കിൻഫ്രയിൽ സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 500 മീറ്റർ നീളമുള്ള കണക്ഷൻ റോഡുകളും പദ്ധതിയിട്ടിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ സർവേ ജോലികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കടമ്പ്രയാർ നദിയിലൂടെ 2.5 കിലോമീറ്റർ കൂടി സഞ്ചരിക്കുക എന്നതാണ് വിപുലീകരണത്തിന്റെ ലക്ഷ്യം. ഇതുവഴി ഇൻഫോപാർക്കിലേക്കുള്ള ആയിരക്കണക്കിന് ജീവനക്കാരെയും അതിനൊപ്പം പ്രദേശവാസികളെയും സ്വന്തമാക്കാനാകും. ഇൻഫോപാർക്ക് വികസനം തുടരുന്നതിനാൽ വരും വർഷങ്ങളിൽ ഐടി ജീവനക്കാരുടെ എണ്ണം ഏകദേശം ഒരു ലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇൻഫോപാർക്കിലേക്ക് വാട്ടർ മെട്രോ സേവനം കെഎംആർഎൽ സാധ്യമാക്കുന്നത്.
ഭാവിയിലെ ലാൻഡ് മെട്രോ വികസനങ്ങളുമായി തടസ്സമില്ലാതെ സംയോജിപ്പിക്കുന്നതിനൊപ്പം വേഗതയേറിയ ഗതാഗത ഓപ്ഷൻ നൽകുന്നതിനാണ് നേരിട്ടുള്ള റൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇൻഫോപാർക്കിലേക്കുള്ള വാട്ടർ മെട്രോ സർവീസ് ഒരുക്കാൻ ആഴം ഉൾപ്പെടെ പഠിക്കും. ഇതിനായി എരൂർ, ചെന്നൂർ, കോതാട്, വരാപ്പുഴ, നെട്ടൂർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സൈറ്റ് ക്ലിയറൻസും നടത്തും.
അതേസമയം, കടമ്പ്രയാറിൽ ബോട്ട് സഞ്ചരിക്കണമെങ്കിൽ കോഴിച്ചിറ ബണ്ട് നീക്കം ചെയ്യേണ്ടതുണ്ട്. കൂടാതെ, ബ്രഹ്മപുരം പാലത്തിന്റെ ലംബ ക്ലിയറൻസ് 2.25 മീറ്ററിൽ നിന്ന് 5.5 മീറ്ററായി ഉയർത്തുന്നതിന് പുനർനിർമാണം നടത്തേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ വാട്ടർ മെട്രോയ്ക്ക് സുഗമമായി കടന്നുവരാൻ സാധിക്കൂ. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പാലം പരിഷ്കരണവും നദി ക്ലിയറൻസ് ജോലികളും പുനരുജ്ജീവിപ്പിക്കാൻ സർക്കാരിന്റെ പിന്തുണ ആവശ്യമാണെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.



