ഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്‌ഡ് നടന്നത്.
ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു. 54 കേന്ദ്ര സർക്കാർ വെബ്‌സൈറ്റുകളെ ആക്രമണത്തിന് ലക്ഷ്യമിട്ട സംഭവത്തിലാണ് നടപടി.
ഓപ്പറേഷൻ സിന്ദൂർ സമയത്തടക്കം നടന്ന സൈബർ ആക്രമണങ്ങളിലെ കേസാണിത്. കേസിൽ മുൻപ് 2 പേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ഹാക്കിങ്ങിന് സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പരിശോധനയുടെ ഭാഗമായി 3 ലാപ്ടോപ്പുകളും 5 മൊബൈൽ ഫോണുകളും എൻഐഎ പിടിച്ചെടുത്തു. കൂടാതെ പ്രധാനപ്പെട്ട ഡിജിറ്റൽ രേഖകളും ഉപകരണങ്ങളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



