കോട്ടയം: പുതുപ്പള്ളിയിൽ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ പങ്കെടുത്ത പരിപാടിയിൽ സംഘാടനപ്പിഴയെന്ന് വിമർശനം. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് പരിപാടികൾ പൂർത്തിയാക്കാതെ ഗെയ്ൽ മടങ്ങി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഗെയ്ൽ ജോർജിയൻ പബ്ലിക് സ്കൂളിലെ പൊതുപരിപാടിക്കെത്തിയത്. താരത്തെ കാണാൻ വലിയ ജനക്കൂട്ടം എത്തിയിരുന്നെങ്കിലും ബാരിക്കേഡുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നാണ് ആക്ഷേപം.
ജനക്കൂട്ടം വാഹനത്തിന് ചുറ്റും തടിച്ചുകൂടിയതോടെ ഗെയ്ൽ പുറത്തിറങ്ങാൻ ആദ്യം തയ്യാറായില്ല. ആളുകൾ വഴിമാറിയില്ലെങ്കിൽ താരം പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങുമെന്ന് ചാണ്ടി ഉമ്മന് മൈക്കിലൂടെ അറിയിക്കേണ്ടിവന്നു. ഏറെനേരത്തെ ശ്രമത്തിനുശേഷമാണ് ഗെയ്‌ലിനെ വേദിയിലെത്തിച്ചത്.
എന്നാൽ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയിൽ അതൃപ്തനായിരുന്ന ഗെയ്ൽ വേദിയിൽ സംസാരിക്കാൻ തയ്യാറായില്ല. കുട്ടികളുമായി സംവദിക്കുമെന്നും ബാറ്റ് ചെയ്യുമെന്നും സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ പരിപാടികളൊന്നും നടന്നില്ല.
വേദിയിലെത്തി മിനിറ്റുകൾക്കകം ഗെയ്ൽ അവിടെനിന്ന് മടങ്ങി. രാജ്യാന്തരതാരം പങ്കെടുക്കുന്ന പരിപാടിയിൽ ആവശ്യമായ സുരക്ഷയും ജനക്കൂട്ട നിയന്ത്രണ സംവിധാനങ്ങളും ഒരുക്കാത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ സംഘാടകരുടെ വിശദീകരണം പുറത്തുവന്നിട്ടില്ല.



