മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ വീണ്ടും ആരോപണം. പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി മങ്കട മണ്ഡലം കമ്മിറ്റി രംഗത്തെത്തി. സംഘടനാ ഭരണഘടനയും പൊതുമര്യാദയും പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് മങ്കട മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതില്‍ സംശയകരമായ നടപടികളുണ്ടായെന്നാണ് വിമര്‍ശനം.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയുടെ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ലെന്നും ആരോപണം ഉയർന്നു. സംസ്ഥാന കമ്മിറ്റിയുടെ സാമ്പത്തിക സുതാര്യതയെയും മങ്കട മണ്ഡലം കമ്മിറ്റി ചോദ്യം ചെയ്തു. പഞ്ചായത്ത് മണ്ഡലം തലങ്ങളില്‍ കാര്യമായ പ്രവര്‍ത്തനപരിചയം തെളിയിച്ചിട്ടില്ലാത്തവരെ സംസ്ഥാന ഭാരവാഹികളാക്കിയെന്നും വിമര്‍ശനമുണ്ട്. ഇക്കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
കഴിഞ്ഞ ദിവസം മൊറയൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയും പ്രമേയമിറക്കിയിരുന്നു. പാര്‍ട്ടി ഭാരവാഹികളായ പലരെയും പരിഗണിക്കാതെയാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതെന്നാണ് ഉയർന്ന ആരോപണം.
മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയിലേക്ക് നിര്‍ദേശിച്ചവരെ പരിഗണിക്കാതെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും വിമര്‍ശനമുണ്ട്. മണ്ഡലം, ജില്ലാ കമ്മിറ്റികളില്‍ പ്രവര്‍ത്തന പരിചയമില്ലാത്തവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും പ്രമേയത്തിൽ പറയുന്നു.
പ്രവര്‍ത്തന മികവിനെയും പ്രവര്‍ത്തകരുടെ വികാരത്തെയും പരിഗണിക്കാതെയുള്ള കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും കമ്മിറ്റി രൂപീകരണത്തിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും പ്രമേയത്തില്‍ ആരോപിച്ചു. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റികളില്‍ മൊറയൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി പ്രതിഷേധം അറിയിച്ചു.
ഷറഫുദ്ദീന് പിലാക്കലിനെയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിലേക്ക് 11 വൈസ് പ്രസിഡന്റുമാരെയും 10 സെക്രട്ടറിമാരെയുമാണ് തെരഞ്ഞെടുത്തത്.



