രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ടു; പാക് ബന്ധമുള്ള ഒൻപത് പേർ പിടിയിൽ

ന്യൂഡൽഹി: ആണവകേന്ദ്രങ്ങളിലടക്കം രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ട പാക് ബന്ധമുള്ള ഒൻപത് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ള ഒൻപത് പേരെയാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ്‌ ചെയ്തത്. ഇവരിൽ നിന്ന് വലിയ തോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഡൽഹി, മുംബൈ, പഞ്ചാബ് സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായതെന്ന് ഡൽഹി പോലീസ് പറഞ്ഞു. അതേസമയം, പിടിയിലായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരേയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. രാജ്യത്തെ വിവിധ ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഊർജനിലയങ്ങൾ തുടങ്ങിയവയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.

.ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിൽ നേരത്തേതന്നെ കനത്ത ജാഗ്രത പുലർത്തിയിരുന്നു. ഇതിനിടെയാണ് പാക് ബന്ധമുള്ള ഒൻപതുപേരെ പോലീസ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞവർഷം ഡൽഹി ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *