തിരുവനന്തപുരം: കാലവർഷം അടുക്കവേ സുരക്ഷ നിർദേശങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. മഴക്കാലപൂർവ ശുചീകരണം തദ്ദേശസ്ഥാപനങ്ങൾ ഉടൻ പൂർത്തിയാക്കണം. ദുരന്തബാധിത മേഖലയിലെ ആളുകളുടെ വിവരശേഖരണം വേണം. സ്കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പുതുക്കണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണം.
ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കുകയും മാലിന്യനിർമാർജനം വേഗത്തിലാക്കുകയും വേണം. കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണം. പ്രാദേശിക അറിവുകളും ശാസ്ത്രീയ വിവരങ്ങളും സംയോജിപ്പിച്ച് ദുരന്തസാധ്യതകൾ തിരിച്ചറിയണം. മഴമാപിനികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണം. വാർഡുതലം മുതൽ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണം സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടർമാരും പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കണമെന്നും യോഗത്തിൽ തീരുമാനമായി.
