കാറിൽ ബമ്പർ ഗാർഡ് വച്ചതിന് ടാക്സി ഡ്രൈവർക്ക് 5000 രൂപ പിഴ

തിരുവനന്തപുരം: കാറിന്‍റെ പിന്നിൽ ബമ്പര്‍ ഗാര്‍ഡ് വെച്ചതിന് തനിക്ക് 5000 രൂപ പിഴ ലഭിച്ചെന്ന് ടാക്സി ഡ്രൈവർ. ആള്‍ട്രേഷന്‍ കുറച്ചൊക്കെ ആകാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് ബമ്പർ ഗാർഡ് ഫിറ്റ് ചെയ്തതെന്ന് ടാക്സി ഡ്രൈവർ ഷമീര്‍ ഖാലിദ് പറയുന്നു. ഫൈന്‍ അടക്കാന്‍ തയ്യാറാണ്. മര്യാദയില്ലാത്ത ഫൈൻ ആയിപ്പോയെന്നും പിഴ കുറച്ചു നല്‍കണമെന്നുമാണ് ആവശ്യം.

കുറച്ചൊക്കെ ആൾട്രേഷൻ ആകാമെന്ന വാക്ക് വിശ്വസിച്ചാണ് കാറിന്റെ പിന്നിലൊരു ബമ്പർ ഗാർഡ് ഫിറ്റ്‌ ചെയ്തത്. മുൻപൊന്നും ഇതിന് ഫൈൻ ഉണ്ടായിരുന്നില്ല. പക്ഷേ സർക്കാരിന്റെ ഒളിക്യാമറ സംഘമാണോ അതോ മറ്റാരെങ്കിലും ഫോട്ടോ എടുത്ത് അയച്ചു കൊടുത്താതാണോ എന്നറിയില്ല. 5000 രൂപയാണ് ഫൈൻ വന്നത്. ഒരു മര്യാദ വേണ്ടേ? രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്നവരാണല്ലോ ഞങ്ങൾ. എംവിഡിയുടെ ഓഫീസിൽ പോയപ്പോൾ പറഞ്ഞത് ഓണ്‍ലൈൻ വഴി വന്നതു കൊണ്ട് ഒന്നും ചെയ്യാൻ ആവില്ല എന്നാണ്. ഫൈൻ കുറയ്ക്കാനാവില്ല, സമയം നീട്ടി തരാം എന്നാണ് പറഞ്ഞത്. ആൾട്രേഷൻ ചെയ്യാൻ ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ ദയവു ചെയ്ത് ആരുടെയും വാക്ക് കേട്ട് വണ്ടിയിൽ കൂടുതൽ പണിയെടുക്കാൻ പോകണ്ട. ഇപ്പോൾ വണ്ടി എങ്ങനെയാണോ അതുപോലെ കൊണ്ടുനടക്കുന്നത് ആവും ഏറ്റവും നല്ലത്. ഒരിടത്ത് യാത്ര ഫ്രീ കൊടുത്തിട്ടുണ്ടെങ്കിൽ വേറൊരു സ്ഥലത്തു നിന്ന് പിടിച്ചുവാങ്ങും”- എന്നാണ് ഷമീര്‍ ഖാലിദ് വീഡിയോയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *