അബുദാബി : അബുദാബി തീരത്ത് ആദ്യമായി ഒലിവ് റിഡ്ലി കടലാമയുടെ കൂട് കണ്ടെത്തി. സഅദിയാത്ത് ദ്വീപിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് പരിസ്ഥിതി ഏജൻസി-അബുദാബി (ഇ.എ.ഡി.) അപൂർവ കണ്ടെത്തൽ നടത്തിയത്. അബുദാബിയിലെ സമുദ്ര പരിസ്ഥിതിയെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായക വഴിത്തിരിവാണ് ഈ സംഭവം. ഹോക്ക്സ്ബിൽ കടലാമകളുടെ പ്രജനന കേന്ദ്രമായാണ് അബുദാബി തീരങ്ങൾ പ്രധാനമായും അറിയപ്പെടുന്നത്.
2023-ൽ പച്ചയാമകളുടെ കൂടും ഇവിടെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഒലിവ് റിഡ്ലിയെക്കൂടി കണ്ടെത്തിയതോടെ അബുദാബിയിൽ മുട്ടയിടുന്നതായി സ്ഥിരീകരിച്ച സമുദ്ര ആമയിനങ്ങളുടെ എണ്ണം മൂന്നായി. ഇ.എ.ഡി.യും ഖലീഫ സർവകലാശാലയും ചേർന്ന് നടത്തിയ ഡി.എൻ.എ ബാർകോഡിങ് പരിശോധനയിലൂടെയാണ് ആമയുടെ വർഗം തിരിച്ചറിഞ്ഞത് (99 ശതമാനം ജനിതക സാദൃശ്യം). 2026 മാർച്ച് 29-നാണ് ആമ 109 മുട്ടയിട്ടത്. മേയ് 25-ഓടെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി.



