കൊച്ചി : വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട തുടക്കം എന്ന സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ തുടക്കത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം ഇതിനകം അഞ്ചാം വാരത്തിലേക്ക് കടന്നിട്ടുണ്ട്.
തുടക്കം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനകം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. മോഹൻലാലിന്റെ അതിഥി വേഷവും തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.



