ഡൽഹി : ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ യു.ജി.സി-നെറ്റ് പരീക്ഷ വീണ്ടും നടത്താനുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് മോദിജി, താങ്കളുടെ എൻ.ടി.എ ഇപ്പോൾ എന്താണ് ചെയ്തതെന്ന് നോക്കൂവെന്നായിരുന്നു എക്സിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ പ്രതികരണം. ജൂൺ 22 മുതൽ 30 വരെ നടന്ന യു.ജി.സി-നെറ്റ് പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ പിഴവുകളും പഴയ ചോദ്യങ്ങളുടെ ആവർത്തനവും ഉണ്ടായതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നടത്തുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വർഷങ്ങളോളം പരീക്ഷക്കായി തയ്യാറെടുത്ത ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് സെപ്റ്റംബറിൽ വീണ്ടും പരീക്ഷയെഴുതേണ്ടി വരുന്നത് അനീതിയാണെന്നും അദ്ദേഹം വിമർശിച്ചു. അപേക്ഷാ ഫീസ് അടക്കുകയും ദൂരെയുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്ത ഉദ്യോഗാർഥികൾക്ക് ഇതെല്ലാം വീണ്ടും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



