അബുദാബി : അബുദാബി അന്താരാഷ്ട്ര വേട്ടയാടൽ, കുതിരപ്പന്തയ പ്രദർശനത്തിൽ , അപൂർവ ഇനത്തിൽപ്പെട്ട വെള്ളപ്പരുന്ത് റെക്കോഡ് തുകയ്ക്ക് ലേലത്തിൽ വിറ്റുപോയി. ഖർമൂഷ പ്യുവർ അൾട്രാ വൈറ്റ് ഇനത്തിൽപ്പെട്ട പരുന്ത് 15 ലക്ഷം ദിർഹത്തിനാണ് വിറ്റുപോയത്. ഇത്തവണത്തെ പ്രദർശനത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്. യു.എസിലെ മാർക്ക് മോഗ്ലിച്ച് ഫാൽക്കൺ ഫാമിൽനിന്നുള്ളതാണ് ഈ പരുന്ത്. മനോഹരമായ വെളുത്തനിറവും ശാരീരിക പ്രത്യേകതകളും വലിയതോതിൽ ശ്രദ്ധയാകർഷിച്ചു. ഒരുകിലോഗ്രാം ഭാരമുള്ള പരുന്തിന് 16.5-ഇഞ്ച് നീളവും വീതിയുമുണ്ട്.
അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് ഫാൽക്കണേഴ്‌സ് ക്ലബ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് 23-ാമത് അഡിഹെക്‌സ് നടക്കുന്നത്. അബുദാബി അഡ്‌നെക് സെന്ററിൽ നടക്കുന്ന പ്രദർശനം സെപ്റ്റംബർ ആറുവരെ നീണ്ടുനിൽക്കും. ഇത്തവണ 55 പ്രമുഖ ഫാൽക്കൺ ഫാമുകളാണ് മേളയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധനവാണിത്.



