റസൽഖൈമ : കഴിഞ്ഞ കുറച്ചുകാലമായി വൻതോതിലുള്ള സാമ്പത്തിക വളർച്ചയ്ക്കും റിയൽ എസ്റ്റേറ്റ് മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച റസൽഖൈമയിലെ പാർപ്പിട വിപണിയിൽ നേരിയ ഇടിവിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. വരും വർഷങ്ങളിൽ വിപണിയിലേക്ക് പതിനായിരക്കണക്കിന് പുതിയ പാർപ്പിട സമുച്ചയങ്ങൾ എത്താനിരിക്കെ, സമീപ മാസങ്ങളിൽ അപ്പാർട്ട്മെന്റുകളുടെ വിൽപന വിലയിലും വാടക നിരക്കുകളിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ ബജറ്റിന് അനുയോജ്യമായ വീടുകൾ തിരഞ്ഞെടുക്കുന്നതിൽ ഉപഭോക്താക്കളും വാടകക്കാരും കൂടുതൽ ജാഗ്രത പുലർത്താൻ തുടങ്ങിയതാണ് വിപണിയിൽ പെട്ടെന്നുണ്ടായ ഈ മാറ്റങ്ങൾക്ക് കാരണം. പ്രമുഖ അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഉപദേശക ഏജൻസിയായ കാവൻഡിഷ് മാക്സ്വെൽ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, 2026-ന്റെ ആദ്യ പകുതിയിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വളർച്ച തന്നെയാണ് കാണിക്കുന്നത്. മുൻവർഷത്തേക്കാൾ അപ്പാർട്ട്മെന്റുകളുടെ ശരാശരി വിലയിൽ 6.5 ശതമാനവും വില്ലകളുടെ വിലയിൽ ആറു ശതമാനത്തോളവും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ വാർഷിക വാടക നിരക്കുകളിലും വലിയ ഉയർച്ചയുണ്ടായി. അപ്പാർട്ട്മെന്റുകളുടെ വാടകയിൽ ഏഴു ശതമാനത്തിലധികവും വില്ലകളുടെ വാടകയിൽ എട്ടു ശതമാനത്തോളവും വർധനയാണ് രേഖപ്പെടുത്തിയത്.



