തിരുവനന്തപുരം: അമ്മയെക്കുറിച്ച് സംസാരിക്കവേ പൊതുവേദിയിൽ വികാരാധീനനായി ബിഗ്ബോസ് മുൻ താരവും ഇന്റഫ്ളുവൻസറും കുണ്ടറ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണൻ. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 15–ാം വാര്‍ഡിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.
‘ഇത്തവണ വലിയ ഓണാഘോഷമൊന്നുമില്ല, എന്‍റെ അമ്മ മരിച്ചിട്ട് 40 കഴിഞ്ഞതേയുള്ളൂ. പക്ഷേ എല്ലാവരേയും ഒന്ന് കാണാന്‍ വേണ്ടി വന്നതാണ്. കഴിഞ്ഞ ഓണത്തിന് എന്റെ അമ്മയുടെ കൂടെ ആയിരുന്നു. ഇപ്രാവശ്യം അമ്മയില്ലാത്തത് എനിക്കൊരു തീരാനഷ്ടമാണ്”, എന്നായിരുന്നു റോബിന്റെ വാക്കുകൾ. തുടർന്ന് വാക്കുകൾ മുറിഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ മാസമാണ് റോബിന്‍റെ അമ്മ ബീന രാധാകൃഷ്ണൻ അന്തരിച്ചത്. ഏറെ നാളായി അർബുദ രോഗബാധിതയായിരുന്നു. “2026 മാർച്ച് 25നാണ് അമ്മയ്ക്ക് സ്റ്റേജ് 4 എൻഡോമെട്രിയൽ കാർസിനോമ ഉണ്ടെന്ന് കണ്ടെത്തുന്നത്. ആ ദിവസം മുതൽ പിന്നീട് അങ്ങോട്ട് ജീവിതം എണ്ണമറ്റ ആശുപത്രി സന്ദർശനങ്ങൾ, ചികിത്സകൾ, വേദന, അനിശ്ചിതത്വം, പ്രാർത്ഥനകൾ എന്നിവയാൽ നിറഞ്ഞ യാത്രയായി മാറി. എന്നിട്ടും എല്ലാ വെല്ലുവിളികളിലൂടെയും അമ്മ അസാധാരണമായ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചു. ഈ പോരാട്ടത്തിൽ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ തന്നെ പോരാടി. അവരുടെ പ്രതിരോധശേഷി ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനം നൽകുന്നതായിരുന്നു.



