കായംകുളം: കായംകുളത്ത് പ്രവർത്തിക്കാനുളള സിപിഐഎം നേതാവ് യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം. വക്കീൽ ഓഫീസ് തുറന്ന് കായംകുളത്ത് പ്രവർത്തിക്കാനുള്ള ആവശ്യമാണ് തള്ളിയത്. പ്രതിഭയോട് പ്രവർത്തനം തകഴിയിലേക്ക് മാറ്റാൻ നേതൃത്വം നിർദേശിച്ചു.
അതേസമയം , കായംകുളത്തെ തോൽവിക്ക് ശേഷം പ്രതിഭ നടത്തിയ പ്രതികരണങ്ങളിൽ ജില്ലാ നേതൃത്വം അതൃപ്തി വ്യക്തമാക്കിയിരുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ യു പ്രതിഭയെ ശാസിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള താല്പര്യം പ്രതിഭ ജില്ലാ നേതൃത്വത്തെ അറിയിച്ചത്. എന്നാൽ, ജന്മദേശമായ തകഴിയിലേക്ക് മാറിക്കോളൂ എന്നാണ് ജില്ലാ നേതൃത്വം മറുപടി നൽകിയത്.
തകഴി ഏരിയ കമ്മിറ്റി അംഗമായിരുന്ന യു പ്രതിഭ എംഎൽഎയായി കഴിഞ്ഞ ശേഷമാണ് കായംകുളത്തേക്ക് സംഘടനാ പ്രവർത്തനം മാറ്റുന്നത്. കായംകുളത്ത് പ്രതിഭയെ പിന്തുണക്കുന്നവരും എതിർക്കുന്നവരുമായ വിഭാഗം ഉണ്ടായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സംഘടനാ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള ഭാഗമായിട്ടാണ് പ്രതിഭയോട് തകഴിയിലേക്ക് മാറാൻ ജില്ലാ നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.



