ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദമായതിന് പിന്നാലെ സംസ്ഥാന ഘടങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നാണ് മുഴുവന്‍ ഘടകങ്ങളോടും നിര്‍ദേശിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 15ന് നടന്ന ചടങ്ങില്‍ സേവാദള്‍ നേതാക്കള്‍ ഏര്‍പ്പാടാക്കിയ ഗായകര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാത്തതിനെ തുടര്‍ന്നാണ് മുഴുവനും ആലപിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. സേവാദള്‍ നേതാക്കള്‍ വാക്കാല്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ താക്കീത് നല്കി. സേവാദളിനെതിരെ മറ്റ് നടപടികള്‍ ഉണ്ടാകില്ല.
ഹിമാചല്‍ പ്രദേശ്, കര്‍ണാടക തുടങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ച് വെട്ടിലായ കോണ്‍ഗ്രസ് ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതയിലാണ്. കഴിഞ്ഞദിവസം ഗോവയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമാണ് ആലപിച്ചത്.
ആദ്യ രണ്ട് ചരണങ്ങള്‍ രാജ്യത്തിന്റെ പ്രകൃതി ഭംഗിയെ വര്‍ണ്ണിക്കുന്നതാണ്. പിന്നീടുള്ള വരികള്‍ ലക്ഷ്മിയോടും ദുര്ഗയോടും ഉപമിക്കുന്നതും. അവ മതേതര രാജ്യത്തിന് അനുയോജ്യമല്ലാത്ത വരികളാണെന്ന 1937ലെ പ്രവര്‍ത്തക സമിതി പ്രമേയം ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചതില്‍ സേവാദള്‍ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനാണ് താക്കീത് നല്‍കിയത്. അതിനപ്പുറത്തേക്ക് സേവാദളിനെതിരെ തുടര്‍ നടപടി ഉണ്ടായേക്കില്ല. അതേസമയം കോണ്‍ഗ്രസ് വന്ദേമാതരത്തെ അപമാനിക്കുന്നത് തുടരുകയാണെന്ന് ബിജെപി വിമര്‍ശിച്ചു.
വന്ദേമാതരത്തെ അപമാനിച്ചു എന്ന് കാട്ടി സോണിയ ഗാന്ധി അടക്കമുള്ളവര്‍ക്ക് എതിരെ ബിജെപി നല്കിയ പരാതിയില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തേക്കും. ഡൽഹി, മുംബൈ കര്‍ണാടക എന്നിവിടങ്ങളിലാണ് നിലവില്‍ പരാതി ഉള്ളത്. ഡൽഹിയിലും മുംബൈയിലും പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.



