അഭിനയം നിർത്തി; ഇനിയുള്ള 5 വർഷം പാലക്കാടിനൊപ്പം: രമേഷ് പിഷാരടി

പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

ജനങ്ങളെ എപ്പോഴും മാനിക്കണം എന്നതാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്നാണ് വിജയത്തിൽ രമേഷ് പിഷാരടി പ്രതികരിച്ചത്. ജനങ്ങളെയല്ല ഭരിക്കേണ്ടത്. ജനങ്ങൾക്കു വേണ്ടിയായിരിക്കണം ഭരണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. പാലക്കാട്ടെ ഓരോ വോട്ടർക്കും നന്ദി പറയുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. ഊണും ഉറക്കവും ജോലിയും മാറ്റിവെച്ച പ്രവർത്തകർക്കും ലോകമെമ്പാടുനിന്നും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പിന്തുണച്ച എല്ലാവർക്കും രമേഷ് പിഷാരടി നന്ദി പറഞ്ഞു.

12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടി വിജയിച്ചത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടിയപ്പോൾ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എന്‍ എം ആര്‍ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *