ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണമുറപ്പിച്ച തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് ആശംസയറിയിച്ച് താരങ്ങൾ. മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ വിജയ്ക്ക് ആശംസയുമായെത്തി. രജനീകാന്തും കമൽഹാസനും ധനുഷും എ.ആർ റഹ്മാനും വിജയ്യ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ‘ശ്രദ്ധേയമായ വിജയത്തിൽ വിജയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സംസ്ഥാനത്തെ നയിക്കാനൊരുങ്ങുന്ന നിങ്ങൾക്ക് എല്ലാ ആശംസകളും’, എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
‘ഈ മഹത്തായ വിജയത്തിൽ പ്രിയ്യപ്പെട്ട വിജയ്ക്ക് അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളുടെ തിരഞ്ഞെടുത്തു. അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ ആദരം. സേവനത്തിന്റെ പുതിയ യാത്രയിൽ നിങ്ങൾ അഭിമാനത്തോടേയും ലക്ഷ്യബോധത്തോടേയും മുന്നോട്ടുപോവുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. നിങ്ങൾക്കും ടീമിനും എല്ലാ ആശംസകളും’- മോഹൻലാൽ കുറിച്ചു.
‘തമിഴ്നാട്ടിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും എന്റെ അഭിനന്ദനങ്ങൾ’, എന്ന് മാത്രമായിരുന്നു രജനീകാന്ത് കുറിച്ചത്. ‘കന്നിത്തിരഞ്ഞെടുപ്പിൽ തന്നെ ജനങ്ങളുടെ വിശ്വാസവും വൻവിജയവും നേടിയ തമിഴക വെട്രി കഴകം നേതാവ് വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ജനസേവനം വിജയകരമാവട്ടേയെന്ന് ആശംസിക്കുന്നു’, കമൽഹാസൻ പ്രതികരിച്ചു.
‘ജനങ്ങളുടെ സ്നേഹവും പിന്തുണയും ലഭിക്കുന്നത് അനുഗ്രഹമാണ്. സുഹൃത്ത് വിജയ്ക്കുമേൽ തമിഴ്നാട് വലിയ വിശ്വാസം അർപ്പിച്ചിരിക്കുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ പോവുന്ന അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ’- സൂര്യ കുറിച്ചു.
‘രാഷ്ട്രീയത്തിലിറങ്ങി ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വൻ ജനപിന്തുണയും സ്നേഹവും നേടിയെടുത്ത, സർക്കാരുണ്ടാക്കാനൊരുങ്ങുന്ന വിജയ് സാറിനും തമിഴക വെട്രി കഴകത്തിനും അഭിനന്ദനങ്ങൾ’, എന്നായിരുന്നു ധനുഷിന്റെ വാക്കുകൾ.
രശ്മിക മന്ദാന, രാംചരൺ, എ.ആർ. റഹ്മാൻ, ചിരഞ്ജീവി, കാജൾ അഗർവാൾ, അനിരുദ്ധ് രവിചന്ദർ, സിലമ്പരസൻ ടി.ആർ, ഖുശ്ബു സുന്ദരൻ, കാർത്തി എന്നിവരും വിജയാശംസകളുമായെത്തി. രാഷ്ട്രീയത്തിലിറങ്ങി നേരിട്ട ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 107 സീറ്റുകളാണ് വിജയ്യുടെ തമിഴക വെട്രി കഴകം നേടിയത്. 118 സീറ്റുകളാണ് ഇവിടെ ഭരിക്കാൻ വേണ്ടത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, മറ്റ് ചെറുകക്ഷികളുടെ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമവും തുടങ്ങി കഴിഞ്ഞു. മത്സരിച്ച പേരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും വിജയ് വിജയിച്ചു.



