തന്റെ പേരിൽ പണത്തട്ടിപ്പ്; മുന്നറിയിപ്പുമായി മിഥുൻ രമേശ്

തന്റെ പേരുപയോഗിച്ച് പണത്തട്ടിപ്പ് നടത്തുന്നതായി ആരോപിച്ച് രംഗത്തെത്തി നടനും അവതാരകനുമായ മിഥുൻ രമേശ്. കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കെന്ന പേരിൽ പണം പിരിക്കുന്ന നബീൽ എന്ന വ്യക്തിക്കെതിരെയാണ് മിഥുൻ സോഷ്യൽ മീഡിയയിലൂടെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ 25,000 രൂപ ധനസഹായം നൽകിയെന്ന വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ഇയാൾ ആളുകളെ കബളിപ്പിക്കുകയാണെന്നാണ് മിഥുന്റെ ആരോപണം.

‘ഒരു തട്ടിപ്പുകാരനെ തുറന്നുകാട്ടുന്നു’ എന്ന തലക്കെട്ടോടെയാണ് മിഥുൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. താൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരസ്യപ്പെടുത്താൻ താൽപര്യമില്ലെന്നും മറ്റുള്ളവരെ സഹായിക്കുമ്പോൾ അത് സമൂഹമാധ്യമങ്ങളിൽ അറിയിക്കാറില്ലെന്നും മിഥുൻ വ്യക്തമാക്കി. എന്നാൽ മറ്റുള്ളവർ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ ആളുകൾക്ക് പ്രചോദനമാകുന്നുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നബീൽ എന്ന വ്യക്തി തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നാണ് മിഥുന്റെ പ്രധാന ആരോപണം. കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി താൻ 25,000 രൂപ നൽകിയെന്ന തരത്തിലുള്ള സ്ക്രീൻഷോട്ടാണ് ഇയാൾ പ്രചരിപ്പിക്കുന്നതെന്ന് മിഥുൻ പറയുന്നു. എന്നാൽ അത്തരത്തിൽ പണം നൽകിയിട്ടില്ലെന്നും ഇയാൾ പറയുന്ന ചികിത്സാ ആവശ്യത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ വ്യാജമാണെന്നുമാണ് മിഥുന്റെ വിശദീകരണം. സാധാരണക്കാരെ മാത്രമല്ല, തന്റെ സുഹൃത്തുക്കളെയും മറ്റ് സെലിബ്രിറ്റികളെയും സമീപിച്ച് ഇയാൾ പണം ആവശ്യപ്പെടുന്നുണ്ടെന്നും മിഥുൻ ആരോപിച്ചു. തന്റെ പേര് പറഞ്ഞ് ആരെങ്കിലും സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ പണം നൽകരുതെന്നാണ് മിഥുന്റെ മുന്നറിയിപ്പ്.

സംശയമുള്ളവർക്ക് തന്നെ നേരിട്ട് സന്ദേശം അയച്ച് വിവരങ്ങൾ അന്വേഷിക്കാമെന്നും താൻ പണം നൽകിയിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാമെന്നും മിഥുൻ അറിയിച്ചു. ആരോപണവിധേയനായ വ്യക്തിയുടെ ഫോൺ നമ്പർ പരസ്യമായി പങ്കുവയ്ക്കുന്നത് ശരിയല്ലാത്തതിനാലാണ് അത് ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവർക്ക് തന്നെയാണ് പണം എത്തേണ്ടതെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നും മിഥുൻ ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *