കോഴിക്കോട്: നടൻ മോഹൻലാലിന്റെ പുതിയ പരാമർശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോഴിക്കോട് RSS മുഖമാസികയായ കേസരിയുടെ നേതൃത്വത്തിലുള്ള മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസ്നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളല്ല, അതൊരു സംസ്കാരമാണെന്നും തലമുറകളിലേക്ക് കൈമാറേണ്ടതാണെന്നും മോഹൻലാൽ പറഞ്ഞു തന്റെ സിനിമാ ജീവിതത്തിൽ നിരവധി പട്ടാള സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിനായി സൈനിക ക്യാമ്പുകളും അതിർത്തി പ്രദേശങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരുടെ അനുഭവങ്ങളിലൂടെ രാജ്യസ്നേഹം കൂടുതൽ അടുത്തറിയാൻ കഴിഞ്ഞെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യും രാജ്യസ്നേഹവുമായി ബന്ധപ്പെട്ട ചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയിലൂടെ സൈനികരുടെ ജീവിതവും രാജ്യത്തിനുവേണ്ടിയുള്ള അവരുടെ ത്യാഗങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയതിന്റെ അനുഭവങ്ങളും ചടങ്ങിൽ മോഹൻലാൽ പങ്കുവെച്ചു. കലയും സാങ്കേതികവിദ്യയും ഒരുമിക്കുമ്പോൾ പുതിയ സാധ്യതകൾ തുറക്കുമെന്നും രാമായണം പോലുള്ള ഇതിഹാസങ്ങൾ ആധുനിക സാങ്കേതികവിദ്യയിലൂടെ അവതരിപ്പിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ കർമമേഖലയായ സിനിമയിലൂടെ രാജ്യസ്നേഹം വളർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മോഹൻലാൽ പറഞ്ഞു.
