ഡൽഹി : കാപ്പിയുടെ ആരോഗ്യഗുണങ്ങളേക്കുറിച്ച് അടുത്തിടെ ഒരു കാൻസർരോഗവിദഗ്ധ പങ്കുവെച്ചിരുന്നു. കരൾ രോഗങ്ങളെ പ്രതിരോധിക്കുന്നതിലും അർബുദ പ്രതിരോധത്തിനുമൊക്കെ കാപ്പി മികച്ചതാണെന്ന് പഠനം പറഞ്ഞിരുന്നു. ഇപ്പോഴിതാ സ്തനാർബുദം മൂലമുള്ള മരണത്തെ പ്രതിരോധിക്കുന്നതിൽ കാപ്പിയുടെ പങ്ക് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.
ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രീഷനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാപ്പിയിടെ പോളിഫിനോൾ എന്ന ഘടകം സ്തനാർബുദമരണങ്ങൾക്കുള്ള സാധ്യതയും വീണ്ടും സ്തനാർബുദം വരാനുള്ള സാധ്യതയും കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. സ്തനാർബുദം സ്ഥിരീകരിച്ച 95 സ്ത്രീകളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പതിനഞ്ചുവർഷത്തോളം നീണ്ട പഠനകാലയളവിൽ കാപ്പികുടിക്കുന്നതിലൂടെ പോളിഫിനോൾ ശരീരത്തിലെത്തുന്നതും വിലയിരുത്തി. തുടർന്നാണ് പോളിഫിനോൾ സ്തനാർബുദമരണ സാധ്യതയും വീണ്ടും രോഗംവരാനുള്ള സാധ്യതയും കുറയ്ക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയത്.



