ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രം ‘ജി.ഡി. നായിഡു’ കാണാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ. ‘ജി.ഡി.എൻ’ കണ്ടതിനുശേഷം, ചിത്രം ‘കാലഘട്ടത്തിന്റെ ആവശ്യം’ ആണെന്ന് പറഞ്ഞ അദ്ദേഹം തമിഴ്‌നാട്ടിലുടനീളമുള്ള സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ ഈ ചിത്രം കാണണമെന്നും നായിഡുവിന്റെ ശ്രദ്ധേയമായ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും പറഞ്ഞു.
ചിത്രം തന്നെ വല്ലാതെ സ്പർശിച്ചുവെന്ന് പറഞ്ഞ ജെ.സി.ഡി. പ്രഭാകർ, ചിത്രത്തിലെ അഭിനേതാക്കളേയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. ചിത്രം നൽകുന്ന സന്ദേശത്തെക്കുറിച്ച് സംസാരിക്കവേ, ഇന്നത്തെ യുവതലമുറയിൽ സ്വയംപര്യാപ്തത, അറിവ്, വ്യക്തിഗത കഴിവുകൾ എന്നിവയുടെ പ്രാധാന്യത്തെ സ്പീക്കർ എടുത്തുപറഞ്ഞു. സംരംഭകരാവുകയും സ്വന്തമായി ബിസിനസ്സ് ആരംഭിക്കുകയും ചെയ്യുന്നതുൾപ്പെടെ, തങ്ങൾക്കായി അവസരങ്ങൾ സൃഷ്ടിക്കാൻ യുവാക്കൾ തങ്ങളുടെ അറിവും കഴിവുകളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വിദ്യാഭ്യാസം വളരെ കുറവായിരുന്നിട്ടും സ്വന്തം പരിശ്രമത്തിലൂടെ മുന്നേറിയ നായിഡുവിന്റെ ജീവിതയാത്രയെയും നേട്ടങ്ങളെയും സ്പീക്കർ എടുത്തുപറഞ്ഞു.
അദ്ദേഹത്തെ ഒരു ‘പ്രതിഭ’ എന്ന് വിശേഷിപ്പിച്ച സ്പീക്കർ, ദൃഢനിശ്ചയം, ജിജ്ഞാസ, സ്വയംപര്യാപ്തത എന്നിവയ്ക്ക് എന്തെല്ലാം നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് നായിഡുവിന്റെ ജീവിതം തെളിയിക്കുന്നുവെന്നും പറഞ്ഞു.ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞനും കണ്ടുപിടുത്തക്കാരനുമായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് ജി.ഡി.എൻ. വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ വർഗീസ് മൂലൻസ് പിക്ചേഴ്സും ട്രൈ കളർ ഫിലിംസും ചേർന്നാണ് നിർമാണം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശാസ്ത്രലോകത്തേക്കുള്ള ജി. ഡി. നായിഡുവിന്റെ യാത്രയും ഒരു സംരംഭകനെന്ന നിലയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും അവതരിപ്പിച്ചിരിക്കുന്നു. മാധവനൊപ്പം സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് കൃഷ്ണകുമാർ രാമകുമാറാണ്. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഉർവശി തിയേറ്റേഴ്സാണ്.



