തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിലെത്തി രമ്യാ ഹരിദാസ് എംഎല്‍എ. എല്ലാം പാര്‍ട്ടി പറയും എന്ന് മാത്രമാണ് രമ്യാ ഹരിദാസ് പ്രതികരിച്ചത്. നിയമസഭാ കമ്മിറ്റിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച എംഎല്‍എ പാളയം പ്രദീപിനെ അഡീഷണല്‍ സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ടുള്ള കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
അത്തരമൊരു കത്ത് കൊടുത്തിട്ടില്ലെന്നും വ്യാജ വാര്‍ത്ത കൊടുത്ത് എംഎല്‍എയെ ഇല്ലാതാക്കാന്‍ നോക്കേണ്ടതില്ലെന്നും എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. എംഎല്‍എയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകിട്ടും രമ്യാ ഹരിദാസ് മണ്ഡലത്തില്‍ എത്തിയിരുന്നു. കയ്യാങ്കളി വിവാദത്തിന് പിന്നാലെ രമ്യാ ഹരിദാസ് പാലക്കാട്ടേക്ക് പോയിരുന്നു. കെപിസിസി നിയോഗിച്ച അന്വേഷണസമിതിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഇന്ന് ഹാജരായേക്കുമെന്ന സൂചന എംഎല്‍എ നല്‍കി. നിയമസഭാ കമ്മിറ്റിക്ക് ശേഷം എംഎം ഹസനെ കണ്ടേക്കുമെന്ന് രമ്യാ ഹരിദാസ് പ്രതികരിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചിറയിന്‍കീഴില്‍ രമ്യാ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്‍ക്കത്തിന്റെ തുടക്കം. പ്രദീപ് യോഗത്തില്‍ പങ്കെടുക്കുകയും ചില കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതില്‍ പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ആയ സജാദ് ഗ്രൂപ്പില്‍ സന്ദേശം അയക്കുകയായിരുന്നു. പിന്നാലെ രാത്രി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള്‍ വായിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇവര്‍ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്‌സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങിയത്. പിന്നാലെ പാളയം പ്രദീപിനെയും സജാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.



