മസ്കത്ത്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അടുത്ത മാസം ബ്രിട്ടനിൽ സന്ദർശനം നടത്തും. പശ്ചിമേഷ്യയിലെ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മസ്കത്തും ലണ്ടനും തമ്മിലുള്ള ദീർഘകാല നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. ഒക്ടോബർ 20 മുതൽ 22 വരെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യുകെ സന്ദർശിക്കുമെന്നും വിൻഡ്സർ കൊട്ടാരത്തിൽ ചാൾസ് മൂന്നാമനും കാമില രാജ്ഞിയും സന്ദർശനത്തിന് ആതിഥേയത്വം വഹിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിട്ടുണ്ട്.
പ്രതിരോധം, വാണിജ്യം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്‌കാരം, നയതന്ത്രം തുടങ്ങിയ മേഖലകളിൽ ഒമാനും ബ്രിട്ടനും തമ്മിലുള്ള അടുത്ത ബന്ധവും പ്രാദേശിക മധ്യസ്ഥതയിൽ മസ്കത്തിന്റെ നിർണായക പങ്കും എടുത്തുകാണിക്കുന്നതായിരിക്കും ഈ സന്ദർശനം. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം നടക്കുന്നത്.



