ടെഹ്‌റാൻ: ഒമാന്റെ മൂന്ന് ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിച്ചു. ഇറാനിയൻ ജലപാതയിലൂടെയുള്ള വടക്കൻ പാതയ്ക്ക് പകരം സ്വന്തം തീരദേശത്തോട് ചേർന്നാണ് കപ്പലുകൾ സഞ്ചരിച്ചത്. രണ്ട് ഓയിൽ സൂപ്പർ ടാങ്കറുകളും ഒരു ലിക്വിഡ് നാച്ചുറൽ ഗ്യാസ് കപ്പലുമാണ് കടലിടുക്കിലേക്ക് പ്രവേശിച്ചത്.
ഇക്വസിസ് മറൈൻ ഡാറ്റാബേസ് അനുസരിച്ച്, മൂന്ന് കപ്പലുകളും ഒമാൻ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ഹോർമുസ് കടലിടുക്ക് യുദ്ധം ആരംഭിച്ചതുമുതൽ ഏറെക്കുറെ അടഞ്ഞുകിടക്കുകയാണ്. എന്നാൽ ഇറാൻ സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് അവരുടെ ഭാഗത്തുകൂടിയുള്ള വടക്കൻ പാതയിലൂടെ സഞ്ചരിക്കാൻ അനുമതിയുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം നിരീക്ഷിക്കാൻ ഒമാനുമായി ഒരു പ്രോട്ടോകോൾ തയ്യാറാക്കുകയാണെന്ന് വ്യാഴാഴ്ച ഇറാൻ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു.
യുദ്ധം ആരംഭിച്ചതിന് ശേഷം ഗൾഫ് മേഖലയിൽ നിന്ന് കടന്നുപോകുന്ന ആദ്യത്തെ എൽഎൻജി കപ്പലാണിത്. ഒപ്പം വലിയ ഓയിൽ ടാങ്കറുകളും ഹോർമുസ് കടക്കാനുള്ള നീക്കത്തിലാണ്. ടാങ്കറുകൾ ഓരോന്നും ഏകദേശം 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് വഹിക്കുന്നത്. ടാങ്കറുകളിൽ ഒന്ന് ഫെബ്രുവരി അവസാനം സൗദി അറേബ്യയിൽ നിന്നും മറ്റൊന്ന് അബുദാബിയിൽ നിന്നുമാണ് എത്തിയത്. അതേസമയം കപ്പൽ ട്രാക്ക് ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. സാങ്കേതികമായ തടസ്സങ്ങളാണ് വെല്ലുവിളിസൃഷ്ടിക്കുന്നത്.
