തൃശൂർ: പ്രദേശവാസികളിൽ നിന്നും യാത്രക്കാരിൽ നിന്നും ശക്തമായ എതിർപ്പ് തുടരുന്നതിനിടെ ദേശീയപാത 66ലെ നാട്ടികയിൽ ടോൾ പിരിവ് നാളെ (ഒക്ടോബർ 8) മുതൽ ആരംഭിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). കൊടുങ്ങല്ലൂരിനും കപ്പിരിക്കാടിനും ഇടയിലുള്ള നാട്ടികയിലാണ് വ്യാഴാഴ്ച മുതൽ ടോൾ പിരിവ് തുടങ്ങുന്നത്.
ടോൾ പ്ലാസയിലെ നിരക്ക് സംബന്ധിച്ച വിവരങ്ങൾ എൻഎച്ച്എഐ പുറത്തുവിട്ടു. കാറുകൾ, ജീപ്പുകൾ, മറ്റ് ചെറിയ വാഹനങ്ങൾ എന്നിവയ്ക്ക് ഒറ്റ യാത്രയ്ക്ക് 120 രൂപയും അതേ ദിവസത്തെ മടക്കയാത്രയ്ക്ക് 180 രൂപയുമാണ് ടോൾ നിരക്ക്. ഇതേ വിഭാഗത്തിൽപ്പെട്ട വാണിജ്യ വാഹനങ്ങൾക്ക് ഒറ്റയാത്രയ്ക്ക് 195 രൂപയും മടക്കയാത്രയ്ക്ക് 290 രൂപയും നൽകണം. ബസുകൾ, ട്രക്കുകൾ എന്നീ വാഹനങ്ങളുടെ ഒറ്റയാത്രയ്ക്ക് 405 രൂപയും അതേ ദിവസത്തെ മടക്കയാത്രയ്ക്ക് 610 രൂപയുമാണ് ടോൾ നിരക്ക്.
നാട്ടിക ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസ പാസിന് 360 രൂപയായിരിക്കും ടോൾ നിരക്ക്. മറ്റ് വിഭാഗം വാഹനങ്ങൾക്കുള്ള ടോൾ നിരക്കുകളും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ദേശീയപാത 66ലെ നാട്ടികയിൽ ടോൾ പിരിവ് നടത്താനുള്ള എൻഎച്ച്എഐയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. റോഡ് പണി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ടോൾ പിരിക്കാനുള്ള നീക്കമാണ് എൻഎച്ച്എഐ നടത്തുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസും സിപിഎമ്മും ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു.



