ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ തോൽവിയിൽ അതൃപ്‌തി പ്രകടിപ്പിച്ചു എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും യു പ്രതിഭ പറഞ്ഞു. മാത്രമല്ല, പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും യു പ്രതിഭ പ്രതികരിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇത്തവണ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭ വിമർശിക്കുന്നത്.
സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ കഴിഞ്ഞില്ലെന്നും പ്രതിഭ പറഞ്ഞു. കൂടാതെ, ആധികാരികമായി പാർട്ടി പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. കായംകുളത്ത് തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു എന്നാണ് പ്രതിഭ ആരോപിക്കുന്നത്. യഥാർത്ഥ ശ്രീനാരായണീയയായ തനിക്കെതിരെ പ്രവർത്തിച്ചു. കേരളത്തിൽ മൊത്തം ഇത്തരത്തിൽ പ്രതി പ്രവർത്തനം നടന്നിട്ടുണ്ടെന്നും യു പ്രതിഭ പറഞ്ഞു.
