ഡൽഹി : ഇന്ത്യൻ പാസ്‌പോർട്ടിന്‍റെ ശക്തിയും ആഗോള യാത്രയിൽ നേരിടേണ്ടിവരുന്ന അധിക പരിശോധനകളും ചർച്ചയാക്കിയ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകൻ മനോജ് അഹിർവാറിന്‍റെ അനുഭവ കുറിപ്പ് വൈറൽ. ടിമോർ – ലെസ്റ്റെയിൽ എത്തിയപ്പോൾ മറ്റ് യാത്രക്കാർക്ക് ലഭിച്ച സാധാരണ പ്രവേശന നടപടിക്ക് പകരം തന്നെ പ്രത്യേകമായി മാറ്റിനിർത്തി നിരവധി ചോദ്യങ്ങൾ ചോദിച്ചുവെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. “ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളത് ചിലപ്പോൾ ശരിക്കും സങ്കടകരമാണ്” എന്ന അദ്ദേഹത്തിന്‍റെ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയത്.
UniqueSide.io എന്ന കമ്പനിയുടെ സ്ഥാപകനായ മനോജ് അഹിർവാർ 20-ലേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളയാളാണ്. ടിമോർ – ലെസ്റ്റെയായിരുന്നു അദ്ദേഹത്തിന്‍റെ 22-ാമത്തെ രാജ്യം. ദില്ലി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കുടിയേറ്റ ഉദ്യോഗസ്ഥർ അദ്ദേഹത്തെ മറ്റ് യാത്രക്കാരിൽ നിന്ന് മാറ്റിനിർത്തിയത്. ഇന്ത്യൻ പൗരന്മാർക്ക് ടിമോർ – ലെസ്റ്റെയിൽ വിസ ഓൺ അറൈവൽ സൗകര്യമുണ്ടെങ്കിലും ഇന്ത്യൻ പാസ്‌പോർട്ട് കണ്ടതോടെയാണ് അധിക പരിശോധന ആരംഭിച്ചതെന്നാണ് മനോജിന്‍റെ ആരോപണം. രാജ്യത്തേക്കുള്ള സന്ദർശനത്തിന്‍റെ ഉദ്ദേശ്യം, ടിമോർ – ലെസ്റ്റെയിൽ സുഹൃത്തുക്കളുണ്ടോ, ആരാണ് ക്ഷണിച്ചതെന്നതടക്കമുള്ള ചോദ്യങ്ങൾ ഉദ്യോഗസ്ഥർ ചോദിച്ചു. ഹോട്ടൽ ബുക്കിങ് രേഖകളും കൈവശമുള്ള പണത്തിന്‍റെ വിവരങ്ങൾ കാണിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും അദ്ദേഹം എഴുതുന്നു.



