ദോഹ: ലോക മാനവിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച കൂടിയിരുത്തം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ഉയർത്തിപ്പിടിച്ച ചിന്തകളും ആശയങ്ങളും കൊണ്ട് ശ്രദ്ധേയമായി. പരസ്പരം കരുതലോടെയും സഹാനുഭൂതിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമമാണ് ലോകത്തിന് ഏറ്റവും ആവശ്യമെന്നും, ജീവിതത്തിൽ നാം എന്ത് നേടി എന്നതിനേക്കാൾ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് എന്ത് ലഭിച്ചു എന്നതാണ് കൂടുതൽ പ്രസക്തമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. 1972-ൽ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന മലയാളചലച്ചിത്രത്തിനായി വയലാർ രാമവർമ്മ രചിച്ച് ജി. ദേവരാജൻ സംഗീതം നൽകി കെ. ജെ. യേശുദാസ് ആലപിച്ച ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന സന്ദേശപ്രധാനമായ ഗാനം ആലപിച്ചുകൊണ്ട് ഗായിക സിതാര ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യനെ മതത്തിനും ജാതിക്കും അതീതമായി കാണേണ്ടതിന്റെ പ്രസക്തി ഓർമിപ്പിച്ച ഗാനത്തിന്റെ അവതരണം പരിപാടിക്ക് മാനവികതയുടെ ശക്തമായ സന്ദേശം പകർന്നു. നമ്മുടെ ജീവിതം കൊണ്ട് ഒരാളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞെങ്കിൽ, ഒരാൾക്ക് പ്രതീക്ഷ നൽകാൻ കഴിഞ്ഞെങ്കിൽ, ഒരാളെ ഉയർത്തിനിർത്താൻ കഴിഞ്ഞെങ്കിൽ, അല്ലെങ്കിൽ ഒരാളുടെ ജീവിതത്തിൽ ചെറിയൊരു മാറ്റമെങ്കിലും സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിൽ അതാണ് ജീവിതത്തിന്റെ യഥാർത്ഥ മഹത്വമെന്ന് പ്രഭാഷകർ ചൂണ്ടിക്കാട്ടി.



