തിരുവനന്തപുരം: ഒമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും സീബ്രകൾ! ഗുജറാത്തിലെ വൻതാര മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് മൂന്ന് സീബ്രകളെ തലസ്ഥാനത്തെത്തിച്ചത്. ഒരു ആൺ സീബ്രയും രണ്ട് പെൺ സീബ്രകളുമാണ് പുതിയ അതിഥികൾ. പ്രത്യേകമായി ഒരുക്കിയ അനിമൽ ആംബുലൻസിൽ, പൊലീസ് അകമ്പടിയോടെ രണ്ടര ദിവസത്തെ റോഡ് യാത്രയ്ക്കൊടുവിലാണ് ഇവ തിരുവനന്തപുരം മൃഗശാലയിലെത്തിയത്. ആരോഗ്യസുരക്ഷയുടെ ഭാഗമായി 21 ദിവസത്തെ ക്വാറന്റീനിലായിരിക്കുമെങ്കിലും, തുറന്ന ക്വാറന്റീൻ സംവിധാനമായതിനാൽ സന്ദർശകർക്ക് ഇപ്പോൾ തന്നെ സീബ്രകളെ കാണാം. 2017ൽ മൃഗശാലയിലെ അവസാന സീബ്രയായ ‘സീത’ ചത്തതോടെയാണ് ഇവിടെ സീബ്രകളില്ലാതായത്. അതിനുശേഷം കുട്ടികളും കുടുംബങ്ങളും ഏറെ കാത്തിരുന്ന കാഴ്ചയാണ് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്. മൃഗശാലയിലെത്തുന്ന കുട്ടികൾ പതിവായി ചോദിക്കുന്ന രണ്ടു മൃഗങ്ങളാണ് സീബ്രയും ജിറാഫും എന്ന് അധികൃതർ പറയുന്നു. സാധാരണ ഇവയ്ക്ക് നൽകുന്ന തിമോത്തി ഗ്രാസ് ഒരാഴ്ചത്തേക്കായി വൻതാരയിൽ നിന്നുതന്നെ എത്തിച്ചിട്ടുണ്ട്. പിന്നീട് കേരളത്തിലെ സാഹചര്യത്തോട് ഇണങ്ങാൻ പതിയെ വൈക്കോലും നൽകും. സീബ്രകളെ ലഭിച്ചതിന് പകരമായി ഒരു സിംഹവാലൻ കുരങ്ങിനെയും ഒരു രാജവെമ്പാലയെയും വൻതാരയ്ക്ക് കൈമാറും.



