വിവാഹ ഘോഷയാത്രയ്ക്കിടെ ഡിജെ കേട്ട് 140 കോഴികൾ ചത്തു; കേസെടുത്ത് പൊലീസ്

ഉത്തർപ്രദേശ് : സുൽത്താൻപൂരിൽ വിവാഹ ഘോഷയാത്രയ്ക്കിടെ ഉച്ചത്തിൽ ഡിജെ സംഗീതം വെച്ചതിനെ തുടർന്ന് 140 കോഴികൾ ചത്തതായി പരാതി. ഏപ്രിൽ 25ന് രാത്രി സുൽത്താൻപൂരിലെ കുദ്വാർ ഏരിയയിലാണ് സംഭവം നടന്നത്. കുദ്വാർ ഏരിയയിലെ രാം ഭദ്ര പൂർവ സ്വദേശിയായ ബബ്ബൻ വിശ്വകർമ എന്നയാളുടെ മകളുടെ വിവാഹ ഘോഷയാത്ര സാബിർ അലി എന്നയാളുടെ കോഴിഫാമിന് മുന്നിലൂടെ കടന്നുപോകുമ്പോഴാണ് സംഭവം നടന്നത്.

രാത്രി 9:30ഓടെ ഉച്ചത്തിലുള്ള സംഗീതവുമായി എത്തിയ ഡിജെ സെറ്റുകൾ ഫാമിലെ കോഴികളിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി. കഠിനമായ ശബ്ദം കാരണം കോഴികൾ കൂട്ടത്തോടെ ചത്തുവീഴുകയായിരുന്നുവെന്ന് ഫാം ഉടമ സാബിർ അലി തന്റെ പരാതിയിൽ വ്യക്തമാക്കുന്നു. തനിക്കുണ്ടായ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണം ഡിജെ ശബ്ദമാണെന്ന് കാണിച്ച് സാബിർ അലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പാഴ്സിപൂർ സ്വദേശിയായ ഡിജെ ഓപ്പറേറ്റർ കവി യാദവിനെതിരെ കേസെടുത്തു. അനുവദനീയമായ പരിധിയിൽ കൂടുതൽ ശബ്ദം ഉപയോഗിച്ചിട്ടുണ്ടോ എന്നും, ഈ ശബ്ദതരംഗങ്ങളാണോ മരണത്തിന് നേരിട്ട് കാരണമായതെന്നും കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *