ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ ടൊയോട്ട ബിൽഡിങ് ഓർമ്മയാകുന്നു. നഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ കെട്ടിടമാണ് പൊളിച്ച് നീക്കുന്നത്. സുരക്ഷാകാരണങ്ങളാലാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത്. കെട്ടിടത്തിൽ നിന്ന് താമസക്കാർ ഒഴിഞ്ഞുതുടങ്ങി.
1974ൽ നിർമ്മിച്ച കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. ഒന്നുമില്ലാതിരുന്ന കാലത്ത് നിന്ന് എല്ലാം നേടിയ കാലത്തേക്കുള്ള ദുബായിയുടെ യാത്രയെ അടയാളപ്പെടുത്തുന്നത് അന്നുമിന്നും തല നിവർത്തി നിൽക്കുന്ന ടയോട്ട ബിൽഡിങ് ആയിരുന്നു. കാലിയായിക്കിടന്ന ടയോട്ട ബിൽഡിങ്ങിന്റെ പഴയകാല കാഴ്ച്ചയിൽ നിന്ന് ഇന്ന് കാലു കുത്താനിടമില്ലാത്ത നഗരമായി മാറി ദുബായ്. റാഷിദ് ലൂത്താ ബിൽഡിങ് എന്നാണ് യഥാർത്ഥ പേരെങ്കിലും അറിയപ്പെടുന്നത് ടയോട്ട ബിൽഡിങ് എന്ന്. ദുബായിയുടെ നഗര ഹൃദയവും വീഥിയുമായ ശൈഖ് സായിദ് റോഡിനോട് ചേർന്ന ടൊയോട്ട ബിൽഡിങ് ലോകത്താകെ ദുബായിയുടേതായി ഇടംപിടിച്ച ചിത്രമാണ്. യുഎഇ രാഷ്ട്രമായി മാറിയതിന് മൂന്ന് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കപ്പെട്ടതാണ് കെട്ടിടം.
ദുബായിലെ തന്നെ ആദ്യ താമസ കേന്ദ്രങ്ങളിലൊന്ന്. 15 നിലയുള്ളതാണ് കെട്ടിടം. 1981ൽ കെട്ടിടത്തിൽ ടയോട്ട ലോഗോ വന്നു. കരാർ കാലാവധി തീർന്ന് 2018ൽ അത് നീക്കം ചെയ്തെങ്കിലും 2022ൽ പുനസ്ഥാപിച്ചു. നിലവിൽ പൊളിക്കാൻ നിശ്ചയിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മുറികൾ വേർതിരിച്ചുള്ള തിങ്ങിത്താമസവും താമസക്കാരെ ഒഴിപ്പിക്കാൻ കാരണമായതായി ‘ഖലീജ് ടൈംസ്’ ഉൾപ്പടെ റിപ്പോർട്ട് ചെയ്തു. ദുബായിയുടെ ഐക്കണാണ് ഓർമ്മയാകുന്നത്.



