എറണാകുളത്ത് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പി(35)യാണ് ട്രെയിനിനടിയിലേക്ക് വീണ് മരിച്ചത്. ഇന്ന് പുലർച്ചെ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം.

വഞ്ചിനാട് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങി തുടങ്ങിയതിന് പിന്നാലെയാണ് യുവതി ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ചത്. എന്നാൽ, കാൽവഴുതി പാളത്തിലേക്ക് വീഴുകയും യുവതിയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചു.

ബാഗിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളും മറ്റും പരിശോധിച്ചാണ് പൊലീസ് യുവതിയെ തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതേദഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടത്തെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്‌സ്പ്രസ് ഒരു മണിക്കൂറോളം വൈകിയാണ് എറണാകുളത്തുനിന്ന് പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *