വനിതാ-ശിശു വികസന വകുപ്പിനുള്ള കേന്ദ്ര സഹായം ഉറപ്പാക്കണം: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന് ലഭിക്കേണ്ട കുടിശികയുള്ള കേന്ദ്ര ഫണ്ടുകൾ അടിയന്തരമായി ലഭ്യമാക്കണമെന്നും വിവിധ പദ്ധതികൾക്കുള്ള കേന്ദ്ര സഹായം ഉറപ്പാക്കണമെന്നും സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ്ണ ദേവിയുമായി കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം ഉന്നയിച്ചത്. വകുപ്പിന്റെ വിവിധ ആവശ്യങ്ങൾ അടങ്ങുന്ന വിശദമായ മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിക്ക് കൈമാറി. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അനുഭവപൂർവ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.

സംസ്ഥാനത്ത് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള രണ്ടാം ഗഡു ഫണ്ട് ലഭ്യമാക്കണമെന്നതാണ് മെമ്മോറാണ്ടത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. SASCI 2025 സ്കീം പ്രകാരം 40.8 കോടി രൂപയാണ് ഈ ഇനത്തിൽ സംസ്ഥാനത്തിന് ലഭ്യമാകേണ്ടത്. ചെറുതോണി, മാവേലിക്കര, പാണ്ടനാട്, വാഴത്തോപ്പ്, മട്ടന്നൂർ, കോഴിക്കോട്, കോട്ടയം, റാന്നി, മുളങ്കുന്നത്തുകാവ്, ബാലരാമപുരം എന്നിങ്ങനെ സംസ്ഥാനത്തെ 10 പ്രധാന കേന്ദ്രങ്ങളിലാണ് നിലവിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്.

പോഷൻ അഭിയാൻ 2.0 പദ്ധതിയുടെ ഭാഗമായി 98.04 കോടി രൂപ സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അങ്കണവാടികളുടെ സുഗമമായ പ്രവർത്തനത്തിന് സ്മാർട്ട് ഡിവൈസുകളും, ഗ്രോത്ത് മോണിറ്ററിംഗ് ഡിവൈസുകളും ആവശ്യമാണെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചു. കൂടാതെ, പോഷൻ ട്രാക്കർ ആപ്ലിക്കേഷൻ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് നിലവിലുള്ള മൊബൈൽ ഫോണുകൾക്ക് പകരം ടാബ്ലറ്റുകൾ അനുവദിക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *