കേരള നിയമസഭയിൽ ഇനി ചോദ്യം ചോദിക്കാനും സൗകര്യം; പീപ്പിൾസ് ക്വസ്റ്റ്യൻ അവർ വരുന്നു ?

തിരുവനന്തപുരം: ലോകത്തെവിടെയിരുന്നും മലയാളിക്ക്‌ കേരള നിയമസഭയിൽ ചോദ്യം ചോദിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇ-നിയമസഭയുടെ വെബ് പോർട്ടലിലാണ് ഇതിന് സൗകര്യം ഒരുക്കുന്നത്. പീപ്പിൾസ് ക്വസ്റ്റ്യൻ അവറിന് സോഫ്റ്റ്‌വേർ തയ്യാറായിക്കഴിഞ്ഞു. രാജ്യത്താദ്യമായി പൊതുജനങ്ങൾക്കും നിയമസഭയിൽ ചോദ്യം ചോദിക്കാൻ ഇനി സർക്കാർ അനുമതിയുടെ ദൂരം മാത്രമാണുള്ളത്. നിയസഭാംഗങ്ങൾക്കുപുറമേ, ജനങ്ങൾക്കും നേരിട്ടു ചോദ്യം ചോദിക്കാൻ സമയം നൽകുകയെന്നത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആശയമാണ്. എന്നാൽ ഇത് നടപ്പാവാൻ നിയമസഭാ ചട്ടം ഭേദഗതിചെയ്യണം.

പൊതുപ്രശ്നങ്ങളേ പുറത്തുള്ളവർക്ക് അവതരിപ്പിക്കാനാവൂ. വെബ്‌പോർട്ടലിൽ ആധാർ അടിസ്ഥാനമാക്കി ചോദ്യകർത്താവിന്റെ ആധികാരികത സ്ഥിരീകരിക്കും. ചോദ്യം വീഡിയോയിൽ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്യണം. ഉചിതമെന്നുതോന്നുന്നവ തിരഞ്ഞെടുക്കും. ഉത്തരം നൽകാൻ മുഖ്യമന്ത്രിയെയോ ബന്ധപ്പെട്ട മന്ത്രിയെയോ സ്പീക്കർ ചുമതലപ്പെടുത്തും. ഒരു ഉപചോദ്യമേ അനുവദിക്കൂ. ഇതിന് ഓൺലൈനായി ഹാജരാകണം. നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ നിലവിൽ എം.എൽ.എ.മാർക്ക് മാത്രമാണ് അവകാശമുള്ളത്.

ജനങ്ങൾക്ക് നിയമസഭമുൻപാകെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള മാർഗം എം.എൽ.എ.മാർ മുഖേന ഹർജിനൽകലാണ്. ബില്ലിനെപ്പറ്റിയോ, സഭയുടെ മുന്നിലുള്ള മറ്റേതെങ്കിലും വിഷയങ്ങളെപ്പറ്റിയോ ആണ് ഇങ്ങനെ പരാതികൾ അറിയിക്കാവുന്നത്. പരാതികൾ സഭയിൽ നേരിട്ട് അവതരിപ്പിക്കില്ല. ഹർജികൾസംബന്ധിച്ച സമിതികൾക്ക് വിടുകയാണ് പതിവ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വിസ്തരിക്കാനും ജനങ്ങളിൽനിന്ന് തെളിവെടുക്കാനും സമിതിക്ക് അധികാരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *