പോലീസിൽനിന്ന് നീതി കിട്ടിയില്ല, കോടതിയിൽനിന്ന് ലഭിച്ചു; സന്തോഷം പങ്കുവെച്ച് നടി അൻസിബ

തന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാമെന്ന കോടതി നിർദേശത്തിൽ സന്തോഷമുണ്ടെന്ന് നടി അൻസിബ ഹസ്സൻ. സാധാരണക്കാരെല്ലാം ഒരു പ്രശ്നം വന്നാൽ പോലീസ് സ്റ്റേഷനിലേക്കല്ലേ പോകുകയെന്ന് അവർ ചോദിച്ചു. പോലീസ് സ്റ്റേഷനിൽനിന്ന് നീതി കിട്ടുമെന്ന് കരുതിയിട്ടാണല്ലോ അവിടേക്ക് പോകുന്നത്. അവിടെനിന്ന് അത് കിട്ടാതാവുമ്പോൾ വല്ലാത്ത നിരാശയും വേദനയുമൊക്കെയാണുണ്ടാകുക. നമ്മൾ പിന്നെ വേറെവിടെ പോയി പരാതി പറയും? കഴമ്പില്ലാത്ത പരാതി കൊടുക്കുന്ന വ്യക്തിയായി താൻ മാറുന്ന സാഹചര്യമാണ് പിന്നീടുണ്ടായതെന്നും അവർ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അൻസിബയുടെ പ്രതികരണം.

അൻസിബയുടെ വാക്കുകൾ:

“ഞാൻ കൊടുത്ത ഏതാണ്ടെല്ലാ പരാതികളും എടുത്തില്ല എന്നുതന്നെ പറയാം. അങ്ങനെയൊരു സാഹചര്യത്തിൽ നമുക്ക് കോടതിയെ മാത്രമേ ആശ്രയിക്കാൻ പറ്റുകയുള്ളൂ. ഇപ്പോൾ ഞാൻ കൊടുത്ത പരാതിയിൽ അന്വേഷിക്കാൻ ഉത്തരവിട്ടല്ലോ. അങ്ങനെയൊരു നീതി കിട്ടി. അതുതന്നെയാണ് സന്തോഷവും സമാധാനവും തരുന്നത്. പക്ഷേ ഈ പോലീസ് കേസ് ഇങ്ങനെ നടക്കുന്നതിൽ വലിയ അനീതിയുണ്ട്. അതിൽ ഞാൻ എന്ന വ്യക്തിമാത്രമല്ല ഉള്ളത്. കടവന്ത്ര സ്റ്റേഷനിൽ ഞാൻ എന്റെ മൊഴി കൃത്യമായി പറഞ്ഞതാണ്. മറ്റുപലരുടേയും മൊഴി എടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഞാൻ അറിഞ്ഞത്. കുറ്റാരോപിതരുടെ മൊഴികൾ എടുത്തിട്ടുണ്ടെങ്കിലും എഫ്ഐആർ ഇടാതെയാണ് ഇത് ചെയ്തിരിക്കുന്നത്. അത് തെറ്റാണെന്നാണ് ഞാൻ മനസിലാക്കുന്നത്. നമ്മുടെ നിയമം അങ്ങനെയല്ല പറയുന്നത്.

പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലാത്ത റിപ്പോർട്ട് വരുമ്പോൾ സാധാരണക്കാരായവർ എന്തുചെയ്യും? കോടതി ഇപ്പോൾ എഫ്ഐആർ ഇടാനും കേസന്വേഷിക്കാനും പറഞ്ഞിരിക്കുകയാണ്. നീതിയുടെ വെളിച്ചം കണ്ടു എന്ന സന്തോഷമാണിപ്പോൾ. ആഭ്യന്തര വകുപ്പ് ഇടപെടേണ്ട ഗുരുതരമായ സാഹചര്യത്തിലൂടെയാണിപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇത്രയും മാധ്യമശ്രദ്ധ കിട്ടിയതുകൊണ്ട് എന്തായാലും ആഭ്യന്തര വകുപ്പ് ഇതറിയാതിരിക്കാൻ വഴിയില്ല. യുട്യൂബിൽ എനിക്കെതിരെ അപകീർത്തികരമായ ഒരുപാട് വീഡിയോകൾ വന്നു. അതിൽ എന്നെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ ഒരു സ്ത്രീ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ടീസറും ട്രെയിലറും എല്ലാമുണ്ട്. ഇതെന്താ സിനിമയാണോ? ഇത് കണ്ട് സങ്കടവും അദ്ഭുതവും എല്ലാമുണ്ടായി. കേരളത്തിലാണിത് നടക്കുന്നത്

ഒരു വ്യക്തിയെ ഇതിൽക്കൂടുതൽ എങ്ങനെ അപമാനിക്കാൻ പറ്റും? എനിക്കെതിരെ ആസൂത്രിതനീക്കമാണ് നടന്നതെന്ന് സാമാന്യ ബോധമുള്ള ആർക്കും മനസിലാവില്ലേ? കേരളത്തിലാണ് ഒരു പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന വീഡിയോ ടീസറും ട്രെയിലറുമിട്ട് വന്നിരിക്കുന്നത് എന്നത് എത്ര ലജ്ജാകരമാണ്? നാളെയും ഇതുപോലെ മറ്റുള്ളവരെ അപമാനിക്കില്ലേ? അതിനെതിരെ കേസെടുക്കുന്നില്ല എന്നുണ്ടെങ്കിൽ അപകീർത്തികരമായ വീഡിയോ ചെയ്യുന്നവർക്കെതിരെ കേസെടുക്കില്ല എന്നും ആരെക്കുറിച്ചും എന്തുവേണമെങ്കിലും വിളിച്ചുപറയാമെന്നുമുള്ളവർക്ക് പ്രചോദനമല്ലേ ഇത്?എന്റെ കയ്യിലുള്ള എല്ലാ രേഖകളും കയ്യിൽത്തന്നെയുണ്ട്. ഇതിലൊരു വിരോധാഭാസം എന്താണെന്നുവെച്ചാൽ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ ഞാൻ നേരിട്ട വ്യക്തിഹത്യയും മാനസിക പീഡനവുമുണ്ട്. അതിനെതിരെ ഞാൻ കൊടുത്ത പരാതിയിൽ എന്റെ മൊഴിയെടുത്ത സമയത്ത് ഞാൻ പറഞ്ഞത് അവിടെ രേഖപ്പെടുത്തുകയും മൊഴിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും റിപ്പോർട്ടിൽ രേഖപ്പെടുത്താതെയുമാണ് വന്നിട്ടുള്ളത്. ഞാൻ കൊടുത്ത മൊഴി പൂർണമായും റിപ്പോർട്ടിൽ വന്നിട്ടില്ല. എങ്ങനെയാണ് അങ്ങനെ എഴുതാനാകുക? മൊഴിപ്പകർക്കും റിപ്പോർട്ടിന്റെ പകർപ്പും വെച്ചുനോക്കിയാൽത്തന്നെ എഴുതാനും വായിക്കാനും അറിയുന്ന സാധാരണക്കാർക്ക് മനസിലാകുന്ന കാര്യമാണിത്.

ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മുന്നോട്ട് സഞ്ചരിച്ചത്. തീർച്ചയായും എഫ്ഐആർ ഇടേണ്ട കേസാണെന്നിരിക്കേപോലും എത്ര തവണയാണ് എന്റെ പരാതി തള്ളിയത്. അൻസിബ കൊടുത്ത പരാതിയിൽ കഴമ്പില്ലെന്നാണ് വന്നുകൊണ്ടിരുന്ന വാർത്തകൾ. എന്തിനും പരാതി കൊടുക്കുന്ന വ്യക്തിയായി മാറി അൻസിബ. അതല്ല സത്യം. പരാതികൾ എന്നെക്കൊണ്ട് കൊടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ്. ഒത്തുതീർപ്പിന് രമേഷ് പിഷാരടി എംഎൽഎ അഡ്ഹോക് കമ്മിറ്റിയിൽനിന്ന് വിളിച്ചിരുന്നു. പക്ഷേ ന്യായം എനിക്ക് കിട്ടുമെന്ന് തോന്നിയില്ല. അത് അദ്ദേഹത്തിന്റെ പ്രശ്നമല്ല. പ്രശ്നം പരിഹരിക്കാൻ ഒരുപാട് സംസാരിച്ചിട്ടുണ്ട്.

അന്യായം നടക്കുമ്പോൾ, അത് അന്യായമാണെന്ന് കൃത്യമായി മനസിലായിട്ടും ആരോപണവിധേയനായ ആൾ ഞാൻ മാപ്പെഴുതി നൽകണമെന്ന് പറയുമ്പോൾ ഞാൻ ജീവിക്കുന്നത് എവിടെയാണെന്ന് തോന്നിപ്പോകുന്നു. എല്ലാവരെപ്പോലെയും മൗലികാവകാശങ്ങളുള്ളയാളാണ് ഞാൻ. ഞാൻ ചോദ്യം ചെയ്യുമ്പോഴും ചോദ്യം ചോദിക്കുമ്പോഴും പരാതി കൊടുക്കുമ്പോഴും അത് സ്വീകരിക്കാൻ പോലീസ് തയ്യാറാവാത്തിടത്താണ് വേദന. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടുള്ള അഭ്യർത്ഥനയാണ്. തൂഫാൻ നടപ്പാക്കുന്നതിനൊപ്പം എല്ലാ പോലീസ് സ്റ്റേഷനിലും സാധാരണക്കാർ പരാതിയുമായി വരുമ്പോൾ ആ പരാതികൾ സ്വീകരിക്കുന്നുണ്ടോ എന്ന കാര്യം തീർച്ചയായും അന്വേഷിക്കേണ്ടതാണ്. മാധ്യമങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് അപേക്ഷിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *