കെ.സുധാകരന്‍ കൊച്ചിയിൽ നടത്തിയ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ കെ. സുധാകരന്‍ എംപി കൊച്ചിയില്‍ യോഗം വിളിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പ് അങ്ങനെ ഒരു യോഗം ചേരുമെന്ന് തോന്നുന്നുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ആരാണ് യോഗം വിളിച്ചതെന്നോ ആരൊക്കെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

ഓപ്പറേഷന്‍ തൂഫാന്റെ യോഗം വിളിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞ് മാത്രമേ തങ്ങള്‍ യോഗം വിളിക്കാറുള്ളൂ. ഈ യോഗത്തെപ്പറ്റി തനിക്കറിയില്ല. ആ യോഗം ഓപ്പറേഷന്‍ തൂഫാന്റെ തലയില്‍ കെട്ടിവെയ്‌ക്കേണ്ട. സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായി അത് എങ്ങനെ മാറുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഓപ്പറേഷന്‍ തൂഫാനെ തകര്‍ക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ല. ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ. സുധാകരന്‍ എം പി കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തെക്കുറിച്ച് അറിവില്ലെന്ന് എറണാകുളം ഡിസിസിയും പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഓപ്പേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ കെ. സുധാകരന്‍ എംപി യോഗം വിളിച്ചത്. കൊപ്ര ഹാരിസ് എന്ന മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസിലെ പ്രതി റിയാസ്, കുപ്രസിദ്ധ ഗുണ്ട പുലി നസീര്‍, കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതി ബിലാല്‍ തുടങ്ങി വന്‍ ക്രിമിനല്‍ സംഘങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ യോഗത്തില്‍ പങ്കെടുത്തവരോട് സുധാകരന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *