തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിക്കുന്ന ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവുമായി തിരുവനന്തപുരം നഗരസഭ. ആശുപതി വളപ്പിലെ 20 ഏക്കർ കോമ്പൗണ്ട് കാടും പടർപ്പും മാലിന്യക്കൂനകളും നിറഞ്ഞ അവസ്ഥയിലാണ്. പകർച്ചവ്യാധികളൊക്കെ ഉണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രിക്കുള്ളിലെത്തുന്നവരെ മാത്രമല്ല, സമീപവാസികളെയും ഇത് ദോഷകരമായി ബാധിക്കുന്നു. മാത്രവുമല്ല ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമാണ്.
ശുചീകരണ യജ്ഞം നാളെ രാവിലെ 8 ന് മേയർ വി. വി. രാജേഷ് ഉദ്ഘാടനം ചെയ്യും. പാമ്പുകളുടെ തോഴൻ വാവ സുരേഷ് മുഖ്യാതിഥിയാകും. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ആർ ഗോപൻ , ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ ഡോ. കവിത രവി എന്നിവർ സംബന്ധിക്കും. സമീപത്തെ റസിഡന്റ്സ് അസോസിയേഷനുകളെയും നാട്ടുകാരെയും നഗരസഭയുടെ നൂറോളം ജീവനക്കാരടങ്ങിയ ടീമിനെയും കോർത്തിണക്കിയാണ് ക്ലീനിംഗ്.



