അബുദാബി: വിസ സാധൂകരണം, എമർജൻസി സർട്ടിഫിക്കറ്റ്, എക്സിറ്റ് പെർമിറ്റ്, എമിറേറ്റ്സ് ഐഡി, ജോലി വാഗ്ദാനം എന്നിവ വാഗ്ദാനം ചെയ്യുന്ന അനധികൃത ഏജന്റന്മാർക്കെതിരെ യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ മുന്നറിയിപ്പ്. പ്രധാനമായും സാധാരണക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ ഏജന്റന്മാർ തട്ടിപ്പ് നടത്തുന്നതെന്ന് ഓഗസ്റ്റ് 31-ന് പുറപ്പെടുവിച്ച പുതിയ ഉപദേശക കുറിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകാർ ഇരകളുടെ പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവയ്ക്ക് പുറമെ മുഖം, കണ്ണ്, വിരലടയാളം (Biometric Data) എന്നിവയുടെ സ്കാനുകളും കൈക്കലാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ വിവരങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്താനും ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും വായ്പകളും ക്രെഡിറ്റ് കാർഡുകളും നേടിയെടുക്കാനും സാധ്യതയുണ്ട്. ഇത്തരം ക്രമക്കേടുകൾ മൂലം ഇരകളാകുന്നവർ വലിയ സാമ്പത്തിക ബാധ്യതകൾ, പിഴകൾ, യാത്രാവിലക്കുകൾ എന്നിവയ്ക്ക് പുറമേ ചിലപ്പോൾ ജയിൽശിക്ഷ വരെ അനുഭവിക്കേണ്ടി വന്നേക്കാം.പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി, വ്യക്തിഗത വിവരങ്ങൾ, ബയോമെട്രിക് ഡാറ്റ എന്നിവ ഒരു കാരണവശാലും അനധികൃത വ്യക്തികൾക്കോ ഏജൻസികൾക്കോ കൈമാറരുതെന്ന് കോൺസുലേറ്റ് ആവശ്യപ്പെട്ടു. എക്സിറ്റ് പെർമിറ്റ്, എമിറേറ്റ്സ് ഐഡി, വിസ പ്രക്രിയകൾ എന്നിവയ്ക്കുള്ള ബയോമെട്രിക് സ്കാനുകൾ യുഎഇ സർക്കാറിന്റെ ഔദ്യോഗിക കേന്ദ്രങ്ങളിൽ മാത്രമായിരിക്കണം നൽകേണ്ടത്.
സർക്കാരിന്റെ ഏജന്റന്മാരാണെന്ന് അവകാശപ്പെടുന്ന സ്വകാര്യ വ്യക്തികൾക്ക് ഇത്തരം വിവരങ്ങൾ കൈമാറാൻ പാടില്ല. കൂടാതെ, പാസ്പോർട്ടോ എമർജൻസി സർട്ടിഫിക്കറ്റോ നൽകുന്നതിന് അബുദാബിയിലെ ഇന്ത്യൻ എംബസിയോ ദുബായിലെ കോൺസുലേറ്റോ വിരലടയാളമോ കണ്ണിന്റെയും മുഖത്തിന്റെയും സ്കാനുകളോ ആവശ്യപ്പെടാറില്ല. എംബസിയുടെ പേരിൽ ഇത്തരം വിവരങ്ങൾ ചോദിക്കുന്നവർ തട്ടിപ്പുകാരാണെന്നും അവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.



